ആദ്യം കെ.എസ്.യു; റീകൗണ്ടിങ്ങിൽ എസ്.എഫ്.ഐ, കേരളവർമയിൽ നാടകീയം
text_fieldsതൃശ്ശൂർ: കേരളവർമ്മ കോളജിൽ ചെയർപേഴ്സൺ സ്ഥാനം റീകൗണ്ടിങ്ങിലൂടെ എസ്.എഫ്.ഐക്ക്. ആദ്യം കെ.എസ്.യു സ്ഥാനാർഥി ഒരു വോട്ടിന് വിജയിച്ചെന്നവകാശപ്പെട്ട ചെയർപേഴ്സൺ പോസ്റ്റിൽ എസ്.എഫ്.ഐയുടെ ആവശ്യപ്രകാരം രാത്രി റീകൗണ്ടിങ് നടത്തുകയായിരുന്നു. തുടർന്ന് എസ്.എഫ്.ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധൻ 11 വോട്ടിന് ജയിക്കുകയായിരുന്നു. അതേസമയം, റീകൗണ്ടിങ് കെ.എസ്.യു ബഹിഷ്കരിച്ചു.
ആദ്യം വോട്ടെണ്ണിയപ്പോൾ കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചതായാണ് പുറത്തുവന്ന വിവരം. ഇതോടെ കെ.എസ്.യു ക്യാമ്പുകളിൽ ആഹ്ലാദം തുടങ്ങി. 32 വർഷത്തിന് ശേഷമായിരുന്നു കേരളവർമ്മയിൽ ചെയർപേഴ്സൺ സ്ഥാനത്ത് കെ.എസ്.യു വിജയിക്കുന്നത്.
എന്നാൽ, വോട്ടുകൾ തുല്യമാണെന്നും ആരും വിജയിച്ചതായി പ്രഖ്യാപിച്ചിട്ടില്ലെന്നും എസ്.എഫ്.ഐ അവകാശപ്പെട്ടു. റീകൗണ്ടിങ് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, റീകൗണ്ടിങ്ങിനെ കെ.എസ്.യു എതിർത്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ആരോപിച്ചു.
ഇടതുപക്ഷ സംഘടനക്കാരായ അധ്യാപകർ ഇടപെട്ട് റീകൗണ്ടിങ് അട്ടിമറിക്കുന്നുവെന്ന് കെ.എസ്.യു ആരോപിച്ചു. പരാതിയെ തുടർന്ന് പ്രിൻസിപ്പൽ ഇടപെട്ട് റീകൗണ്ടിങ് നിർത്തിവെപ്പിച്ചു. കെ.എസ്.യു പ്രവർത്തകർക്ക് പിന്തുണയുമായി ഡി.സി.സി പ്രസിഡന്‍റ് അടക്കമുള്ളവർ കോളജിന് പുറത്തെത്തുകയും ചെയ്തു. എന്നാൽ, പ്രിൻസിപ്പാളിന്റെ എതിർപ്പ് അവഗണിച്ച് റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തിൽ വോട്ടെണ്ണൽ പുനരാരംഭിച്ചു. ഇതോടെ എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെ.എസ്.യു റീകൗണ്ടിങ് ബഹിഷ്കരിക്കുകയായിരുന്നു.
റീകൗണ്ടിങ്ങിൽ 11 വോട്ടിനാണ് എസ്.എഫ്.ഐ സ്ഥാനാർഥി അനിരുദ്ധൻ വിജയിച്ചത്. ഒമ്പത് പോസ്റ്റുകളിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചു. ക്യാമ്പസിലെ സംഘർഷ സാധ്യത മുൻനിർത്തി എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയിരുന്നു. രാത്രി ഏറെ വൈകിയാണ് കൗണ്ടിങ് അവസാനിച്ചത്.
അതേസമയം, എസ്.എഫ്.ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി കെ.എസ്.യു ആരോപിച്ചു. എസ്.എഫ്.ഐക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനുമെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.യു നേതാവ് ആൻ സെബാസ്റ്റ്യൻ അടക്കമുള്ളവർ രംഗത്തെത്തി. പല സംസ്ഥാനങ്ങളിലും രായ്ക്കുരാമാനം ജനാധിപത്യത്തെ അട്ടിമറിച്ച സംഘ്പരിവാർ രാഷ്ട്രീയശൈലിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വൈസ് പ്രിൻസിപ്പലും പ്രിൻസിപ്പൽ ഇൻ ചാർജായും ഇരുന്ന കേരളവർമയിൽ ഈ രാത്രി കണ്ടെതെന്ന് ആൻ സെബാസ്റ്റ്യൻ വിമർശിച്ചു. ഈ ജനാധിപത്യ - മനുഷ്യത്വ വിരുദ്ധതക്ക് കൂട്ടുനിൽക്കുന്നവരെ, നിങ്ങളെ "നീചർ" എന്ന് മുദ്രകുത്താതെ കാലം കടന്നു പോകില്ലെന്നും ആൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.