കേരളവർമ്മയിൽ ജനാധിപത്യത്തെ എസ്.എഫ്.ഐ അട്ടിമറിച്ചെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: തൃശൂർ കേരളവർമ കോളജിലെ യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.എസ്.യു ചെയർപേഴ്സൺ സ്ഥാനാർഥി ശ്രീക്കുട്ടന്‍റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. കെ.എസ്.യുവിന്‍റെ വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീകൗണ്ടിങ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നു എസ്.എഫ്.ഐ എന്ന് അദ്ദേഹം ആരോപിച്ചു.
ജനാധിപത്യ വിജയത്തെ അട്ടിമറിക്കാൻ കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരാണ്. എന്ത് കാരണത്താൽ കെ.എസ്.യുവിന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ, അതേ കാരണത്താൽ എസ്.എഫ്.ഐ വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരള വർമ്മയിൽ കണ്ടത്. റീ കൗണ്ടിങ്ങ് സമയത്ത് രണ്ട് തവണയാണ് വൈദ്യുതി നിലച്ചത്. ആ സമയത്ത് ഇരച്ചുകയറിയ എസ്.എഫ്.ഐ ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കെ.എസ്.യുവിന് തടയിടാൻ ശ്രമിച്ചവരാണ് കേരള വർമ്മയിലെ റിട്ടേണിങ് ഓഫിസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഡി.വൈ.എഫ്.ഐ നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല.
ശ്രീക്കുട്ടന്റേയും കെ.എസ്.യുവിന്റേയും പോരാട്ടം കേരള വർമ്മയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ചപരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവന്‍റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസ്സിലാണ്. കെ.എസ്.യു പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ നേരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
കേരളവർമ്മ കോളജിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, പിന്നാലെ എസ്.എഫ്.ഐ റീകൗണ്ടിങ് ആവശ്യപ്പെടുകയും രാത്രി വൈകി നടന്ന റീകൗണ്ടിങ്ങിൽ എസ്.എഫ്.ഐ സ്ഥാനാർഥി 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.