ക്യാമ്പസുകളിൽ എസ്.എഫ്.ഐ സ്റ്റാലിനിസം നടപ്പാക്കുന്നു -ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
text_fieldsതിരുവനന്തപുരം: എതിരാളികളെ തല്ലിയൊതുക്കി എസ്.എഫ്.ഐ കാമ്പസുകളില്‍ സ്റ്റാലിനിസം നടപ്പാക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോസഫ് ജോൺ. ക്യാമ്പസുകളെ കൊലക്കളമാക്കുന്ന എസ്.എഫ്.ഐയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സ്ഥാനാർത്ഥി പരാജയപ്പെട്ടതിനെ തുടർന്നാണ് വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമണങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്ന് ജോസഫ് ജോൺ പറഞ്ഞു. അധികാരത്തുടർച്ചയുടെ ഉൻമാദത്തിൽ അഴിഞ്ഞാടുന്ന എസ്.എഫ്.ഐ അക്രമി സംഘം ഉത്തരേന്ത്യൻ കാമ്പസുകൾ പോലെ കേരള കാമ്പസുകളെ രക്തത്തിൽ മുക്കുന്നത് നോക്കിനിൽക്കാതെ മനസ്സാക്ഷിയും നീതിബോധവും ഉള്ളവർ സംഘടിച്ച് അണിനിരക്കാൻ തയ്യാറാകണമെന്ന് ജോസഫ് ജോൺ ആവശ്യപെട്ടു.
ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല പ്രസിഡൻ്റ അംജദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സ്വന്തം പ്രവർത്തകന് പോലും നൽകാത്ത സ്വാതന്ത്ര്യവും ജനാധിപത്യവും എസ്.എഫ്.ഐ മറ്റുള്ളവർക്ക് നൽകുമെന്നത് മൂഢചിന്തയാണെന്നും ഫാഷിസം ഏകാധിപത്യം, സ്റ്റാലിനിസം സിന്ദാബാദെന്ന് കൊടിക്കൂറയിലെ മുദ്രാവാക്യം മാറ്റിയെഴുതാൻ എസ്.എഫ്.ഐ തയ്യാറാവണമെന്നും അംജദ് റഹ്മാൻ ആവശ്യപെട്ടു. പ്രതിഷേധ മാർച്ചിന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ സമാപനം നിർവഹിച്ചു.
രണ്ടു മാസങ്ങളിലായി മഹാരാജാസ് കോളജിൽ നടന്ന അക്രമങ്ങളിൽ യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന പൊലീസ് ഇപ്പോൾ ഭരണകൂട സ്വാധീനത്തിനു വഴങ്ങി വിദ്യാർഥി വേട്ടയ്ക്ക് ശ്രമിക്കുന്നത് അപലപനീയമാണ്. പൊലീസ് സഹായത്തോടെ ക്യാമ്പസുകളിൽ നിന്ന് ഫ്രറ്റേണിറ്റിയെ ഇല്ലാതാക്കാനാണ് എസ്.എഫ്.ഐ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും ജനാധിപത്യ പ്രതിരോധ മാർഗങ്ങളിലൂടെ ഇത്തരം പ്രവർത്തനങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡ്വ. അലി സവാദ് സ്വാഗതവും നിശാത് എം.എസ് നന്ദിയും പറഞ്ഞൂ. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റ് കവാടത്തിനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. ജില്ല ജനറൽ സെക്രട്ടറി മുഫീദ എസ് ജലീൽ,ഫൈസൽ പള്ളിനട,ലമീഹ്, ശജിറീന എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.