നേതാവിന്റെ ഇടപെടൽ പുറത്ത്; എസ്.എഫ്.ഐയുടെ നാണക്കേട് സി.പി.എം ചുമലിലേക്ക്
text_fieldsതിരുവനന്തപുരം: ബി.കോം പാസാകാത്ത എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിന് എം.കോം പ്രവേശനം ലഭ്യമാക്കിയതിൽ സി.പി.എം നേതാവിന്റെ ഇടപെടൽ പുറത്തേക്ക്. ഇതോടെ, എസ്.എഫ്.ഐ നാണംകെട്ട് വലഞ്ഞ വ്യാജ സർട്ടിഫിക്കറ്റ് വിവാദം നേരിട്ട് സി.പി.എമ്മിലേക്കും നീണ്ടു.
പാർട്ടി നേതാവ് ഇടപെട്ടതു കൊണ്ടാണ് നിഖിലിന് പ്രവേശനം നൽകിയതെന്ന് വെളിപ്പെടുത്തിയ കായംകുളം എം.എസ്.എം കോളജ് മാനേജർ ഹിലാൽ ബാബു നേതാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റ് അംഗവും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ നേതാവിലേക്കാണ് സംശയം നീളുന്നത്. ഇടപെട്ട സി.പി.എം നേതാവ് അഡ്വ.കെ.എച്ച്. ബാബുജാനാണെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. പ്രതികരണത്തിന് ശ്രമിച്ചപ്പോൾ ബാബുജാൻ ഒഴിഞ്ഞുമാറി. ഇക്കാര്യത്തിൽ പാർട്ടിയും പ്രതികരിച്ചിട്ടില്ല.
ബി.കോം പഠിച്ചുതോറ്റ അതേ കോളജിലാണ് നിഖിൽ തോമസ് എം.കോം പ്രവേശനം നേടിയത്. പഠിപ്പിച്ച അധ്യാപകർക്ക് ഒറ്റനോട്ടത്തിൽ അത് മനസ്സിലാക്കാമായിരുന്നു. എന്നാൽ, നിഖിൽ കലിംഗ സർവകലാശാലയിൽ നിന്നുള്ള വ്യാജ സർട്ടിഫിക്കറ്റ് കൊണ്ടുവന്ന് എം.കോമിന് ചേരുമ്പോൾ കോളജ് അധികൃതർ ഒരു ചോദ്യവും ചോദിച്ചില്ല. എന്തുകൊണ്ട് ചോദിച്ചില്ലെന്നതിന്റെ ഉത്തരം കോളജ് മാനേജറുടെ പ്രതികരണത്തിലുണ്ട്. എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയുടെ മാത്രം സ്വാധീനത്തിന് വഴങ്ങി ഇത്ര ഗുരുതര ക്രമക്കേടിന് കോളജ് അധികൃതർ കൂട്ടുനിന്നെന്ന് കരുതാനുമാകില്ല. ക്രമക്കേടിനു പിന്നിൽ പാർട്ടി ഇടപെടൽ പ്രധാന ഘടകമാണെന്നതിലേക്കാണ് സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത്.
നിഖിൽ സംഘടനയെ തെറ്റിദ്ധരിപ്പിച്ചെന്ന് വിശദീകരിച്ച് എല്ലാം അയാളുടെ തലയിലിട്ട് കൈകഴുകാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. എന്നാൽ, കേസന്വേഷണത്തിന്റെ ഘട്ടങ്ങളിൽ പാർട്ടി പങ്ക് ചർച്ചയിലേക്ക് വരുമ്പോൾ സി.പി.എമ്മിനുണ്ടാകുന്ന പരിക്ക് ചെറുതായിരിക്കില്ല.
തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ എസ്.എഫ്.ഐ മുൻ ഏരിയ സെക്രട്ടറി എ. വിശാഖിനും പാർട്ടി നേതൃത്വത്തിന്റെ സഹായം കിട്ടിയെന്ന ശക്തമായ ആക്ഷേപമുണ്ട്. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും മറിച്ചുള്ള ആക്ഷേപം അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പാർട്ടി എം.എൽ.എമാരായ ജി. സ്റ്റീഫനും ഐ.ബി. സതീഷും സി.പി.എം നേതൃത്വത്തിന് കത്ത് നൽകിയ വിവരവും പുറത്തുവന്നിട്ടുണ്ട്.
എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുണ്ടാക്കി ജോലിക്ക് ശ്രമിച്ച് പിടിക്കപ്പെട്ട മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട എല്ലാ ഗുരുതര ക്രമക്കേടുകളിലും പാർട്ടിയുടെ സംരക്ഷണമുണ്ടെന്നത് ആരോപണമല്ലെന്നത് ബലപ്പെടുന്ന കാര്യങ്ങളാണിവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.