ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിനെ ശ്രീനാരായണഗുരു ഓപൺ സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗമാക്കി
text_fieldsതിരുവനന്തപുരം: മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെന്ന പേരിൽ അറസ്റ്റിലായ എസ്.എഫ്.ഐ നേതാവിനെ കോളജ് മാറ്റം നടത്തി ശ്രീ നാരായണഗുരു ഓപൺ സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗമാക്കി. എസ്.എഫ്.ഐ സംസ്ഥാന ജോയന്റ് സെക്രട്ടറിയും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് എം.എ വിദ്യാർഥിയുമായ എസ്.കെ. ആദർശിനെയാണ് സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്തത്.
സിൻഡിക്കേറ്റിലെ വിദ്യാർഥി പ്രതിനിധി സർവകലാശാല വിദ്യാർഥിയായിരിക്കണമെന്ന വ്യവസ്ഥ പാലിക്കാൻ യൂനിവേഴ്സിറ്റി കോളജിൽ നിന്ന് ടി.സി വാങ്ങി ഓപൺ സർവകലാശാലയുടെ തുമ്പ സെൻറ് സേവിയേഴ്സ് കോളജ് ലേണേഴ്സ് സപ്പോർട്ട് സെൻററിൽ വിദ്യാർഥിയായി രജിസ്റ്റർ ചെയ്യിച്ച ശേഷമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നാമനിർദേശം. നാലുവർഷമാണ് കാലാവധി. തിരുവനന്തപുരം നഗരത്തിൽ ഗവർണറെ തടഞ്ഞ കേസിൽ അറസ്റ്റിലായ ആദർശ് നിലവിൽ തിരുവനന്തപുരം ജില്ല സെക്രട്ടറിയുമാണ്.
സംസ്ഥാനത്തുനിന്ന് വിദ്യാർഥികളെ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്ന സാന്റാമോണിക്ക ഏജൻസിയുടെ ഡയറക്ടർ കൊച്ചി തമ്മനം ഫസ്റ്റ് റോഡ് ഡി.ഡി വില്ലേജിൽ ഡോ. റെനി സെബാസ്റ്റ്യനെയും സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്തിരുന്നു. രണ്ട് നാമനിർദേശവും ഉന്നത വിദ്യാഭ്യാസ മേഖലയിൽ തെറ്റായ സന്ദേശം നൽകുന്നതാണെന്നും അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.