എസ്.എഫ്.ഐ നേതാവിന്റെ കോളജ് പ്രവേശനം രാഷ്ട്രീയ ശിപാർശയിൽ: സി.പി.എമ്മും പ്രതിരോധത്തിൽ
text_fieldsകായംകുളം: ഒരേസമയം രണ്ട് സർവകലാശാലയിൽ പഠിച്ച എസ്.എഫ്.ഐ നേതാവ് രാഷ്ട്രീയ ശിപാർശയിലാണ് ബിരുദാനന്തര ബിരുദ കോഴ്സിൽ കോളജിൽ പ്രവേശനം നേടിയതെന്ന് വ്യക്തമായതോടെ വെട്ടിലായി സി.പി.എം നേതൃത്വം. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും മുൻ ഏരിയ സെക്രട്ടറിയുമായ നിഖിൽ തോമസ് കായംകുളം എം.എസ്.എം കോളജിൽ എം.കോമിന് പ്രവേശനം നേടിയ നടപടിയാണ് സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്നത്.
കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ നടന്ന ആൾമാറാട്ട കേസിന് സമാനമായ സംഭവം എം.എസ്.എം കോളജിൽ അരങ്ങേറിയതായ ആക്ഷേപവുമുണ്ട്. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ജയിച്ച സ്ഥാനാർഥിയെ മാറ്റി പകരം എസ്.എഫ്.ഐ നേതാവിനെ ഉൾപ്പെടുത്തിയതാണ് കാട്ടാക്കടയിൽ വിവാദമായത്. കായംകുളത്താകട്ടെ അനധികൃതമായി പഠിച്ച കാലയളവിൽ എസ്.എഫ്.ഐ നേതാവ് യൂനിയൻ കൗൺസിലറും സർവകലാശാല യൂനിയൻ ഭാരവാഹിയുമായതാണ് ചർച്ചയാകുന്നത്.
എം.എസ്.എം കോളജിലെ പഠനകാലയളവിലെ പരീക്ഷകളിൽ പരാജയപ്പെട്ടതോടെ ഇത് റദ്ദാക്കി കലിംഗ സർവകലാശാലയിൽ ബിരുദത്തിന് ചേർന്നതായാണ് നിഖിലിന്റെ വാദം. ഈ പറയുന്ന 2019ൽ എം.എസ്.എമ്മിലെ യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറും 2020ൽ സർവകലാശാല യൂനിയൻ ജോയന്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചതിന്റെ സാധുതയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.
ഇതിനിടെ, കടുത്ത രാഷ്ട്രീയ സമ്മർദത്താലാണ് നിഖിലിന് പ്രവേശനം നൽകേണ്ടി വന്നതെന്ന കോളജ് അധികൃതരുടെ വാദം സി.പി.എമ്മിലും ചർച്ചക്ക് കാരണമായി. തെറ്റായ സർട്ടിഫിക്കറ്റുകളുമായി വിദ്യാർഥിയെ കോളജ് പ്രവേശനത്തിന് ശിപാർശ ചെയ്ത വിഷയം പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ്.
സമീപകാലത്ത് പാർട്ടിയെ ദോഷകരമായി ബാധിക്കുന്ന നിരവധി സംഭവങ്ങളാണ് കായംകുളത്ത് അരങ്ങേറിയത്. ഇതിൽ നേതൃത്വം കടുത്ത അസംതൃപ്തിപ്രകടിപ്പിച്ച സന്ദർഭത്തിലാണ് പുതിയ വിവാദം. ഇതിനിടെ, വിഷയം ചർച്ച ചെയ്യാൻ കോളജ് കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്. ഇതിലെ തീരുമാനം തിങ്കളാഴ്ച ഔദ്യോഗികമായി വിശദീകരിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.