പെരിന്തൽമണ്ണയിൽ ലീഗ് ഒാഫിസ് അടിച്ചുതകർത്തു; 31 പേർക്ക് പരിക്ക്
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറം പോളിടെക്നിക്കിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ മർദനത്തെ തുടർന്ന് പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം ലീഗ് ഒാഫിസ് അടിച്ചുതകർത്തു. തുടർന്നുണ്ടായ സംഘർഷാവസ്ഥയിൽ പൊലീസ് ലാത്തിവീശി. അഞ്ച് മണിക്കൂർ നേരം നഗരത്തെ മുൾമുനയിൽ നിർത്തിയ സംഘർഷാവസ്ഥക്ക് രാത്രിയിലും അയവ് വന്നിട്ടില്ല. കല്ലേറിലും അടിപിടിയിലും അധ്യാപകനും വിദ്യാർഥികളുമടക്കം 31 പേർക്ക് പരിക്കേറ്റു. അക്രമത്തിൽ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ താലൂക്കിൽ ചൊവ്വാഴ്ച ഹര്‍ത്താലാചരിക്കാന്‍ യു.ഡി.എഫ് ജില്ല കമ്മിറ്റി ആഹ്വാനം ചെയ്തു. ജില്ല തലത്തിൽ ഹർത്താൽ ആചരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടർന്ന് മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഉച്ച മുതൽ പെരിന്തൽമണ്ണ നഗരത്തിൽ ഹർത്താൽ ആചരിച്ചിരുന്നു.
രാവിലെ പത്തരയോടെയാണ് പോളിയിൽ നൂറോളം വരുന്ന സംഘം അതിക്രമിച്ചുകയറി അക്രമം നടത്തിയത്. സംഭവത്തിൽ 15 എസ്.എഫ്.െഎ പ്രവർത്തകർക്ക് പരിക്കേറ്റു. കല്ലേറിൽ അധ്യാപകന് തലക്ക് മുറിവേറ്റു. കെട്ടിടത്തിെൻറ ജനൽ ചില്ലുകളും വാഹനങ്ങളും അടിച്ചുതകർത്ത് അതിക്രമം നടത്തിയവർ പുറമേനിന്നുള്ളവരാണെന്ന് എസ്.എഫ്.െഎ ആരോപിച്ചു. വെള്ളിയാഴ്ച പോളിയിൽ എം.എസ്.എഫ് യൂനിറ്റ് രൂപവത്കരിച്ച് കൊടി നാട്ടിയിരുന്നു. കൊടി പിറ്റേന്ന് നശിപ്പിച്ച നിലയിൽ കണ്ടെത്തി. ഇതാണ് അക്രമത്തിന് കാരണെമന്ന് പറയുന്നു.
പോളിയിൽ കയറി മർദിച്ചതിൽ പ്രതിഷേധിച്ച് ആദ്യം റോഡ് ഉപരോധിച്ച എസ്.എഫ്.െഎ വിദ്യാർഥികൾ 12.30ഒാടെ വടികളുമായി പെരിന്തൽമണ്ണ ടൗണിലേക്ക് പ്രകടനമായി എത്തി. നഗരസഭ ആസ്ഥാനത്തിനടുത്ത നിയോജക മണ്ഡലം മുസ്ലിം ലീഗ് ഒാഫിസ് ഷട്ടർ തകർത്ത് കയറി ഉപകരണങ്ങൾ പൂർണമായും അടിച്ച് നശിപ്പിച്ചു. തുടർന്ന് മെയിൻ ജങ്ഷനിലേക്ക് നീങ്ങി. സംഭവമറിഞ്ഞ് ലീഗ് പ്രവർത്തകരെത്തി കേസരകളുടെ അവശിഷ്ടങ്ങളുമായി റോഡ് ഉപരോധിച്ചു. പിന്നീട് പ്രകടനമായി മെയിൻ ജങ്ഷനിലേക്ക് നീങ്ങിയതോടെ നഗരത്തിൽ കടുത്ത സംഘർഷാവസ്ഥയായി. പാണ്ടിക്കാട്, നിലമ്പൂർ സി.െഎമാരുടെ നേതൃത്വത്തിൽ പൊലീസ് ടൗണിൽ നിരന്നു. കോടതിപ്പടിയിലെ സി.പി.എം ഒാഫിസിലേക്ക് ലീഗുകാരുടെ പ്രകടനം നീങ്ങിയതറിഞ്ഞ് സി.പി.എം പ്രവർത്തകരും ഒാഫിസ് പരിസരത്ത് സംഘടിച്ചു. ഇതിനിടെ പാർട്ടി ഒാഫിസിന് നേരെ കല്ലേറുണ്ടായതായി പറയുന്നു. ഇതിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു.
ഉച്ചക്ക് രണ്ടിന് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചതോടെ വാഹനയോട്ടം നിലച്ചു. മുസ്ലിം ലീഗിെൻറ പ്രകടനക്കാരും പൊലീസും മുഖാമുഖം നിന്നതോടെ സംഘർഷം വർധിച്ചു. പിന്നീട് ഉൗട്ടി റോഡിൽ സംഘടിച്ച ലീഗ് പ്രവർത്തകർ സി.െഎ.ടി.യു ഷെഡിലെ ബാനറുകൾ നീക്കാൻ ശ്രമിച്ചതോടെ ഇടപെട്ട പൊലീസിനു നേെര കല്ലേറുണ്ടായി. ഇതോടെ പൊലീസ് ലാത്തിവീശി പ്രകടനക്കാരെ വിരട്ടിയോടിച്ചു. ഇൗ സംഘർഷത്തിൽ 13 ലീഗ് പ്രവർത്തകർക്ക് പരിക്കേറ്റു. പിന്നീട് ലീഗുകാർ മെയിൻ ജങ്ഷനിൽ കുത്തിയിരുന്ന് വൈകീട്ട് ആറുവരെ റോഡ് ഉപരോധിച്ചു. പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജിലുണ്ടായ അക്രമത്തിലും മണ്ഡലം മുസ്ലിം ലീഗ് ഓഫിസ് തകർത്തതിലും പ്രതിഷേധിച്ചാണ് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ താലൂക്കിൽ ഹര്‍ത്താൽ നടത്തുന്നതെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.