‘പഴയ ഗവർണറോട് ചോദിച്ചാൽ മതി എസ്.എഫ്.ഐ എന്താണെന്ന്’ -ഡോ. മോഹനൻ കുന്നുമ്മലിനെ വഴിയിൽ തടഞ്ഞ് എസ്.എഫ്.ഐ
text_fieldsതിരുവനന്തപുരം: കേരള സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്താത്തതിനെതിരെ ആരോഗ്യ സർവകലാശാല വൈസ് ചാൻസലറും കേരള സർവകലാശാലയുടെ താല്‍ക്കാലിക വൈസ് ചാന്‍സലറുമായ ഡോ. മോഹനൻ കുന്നുമ്മലിനെ വഴിയിൽ തടഞ്ഞ് എസ്.എഫ്.ഐ. ആരോഗ്യ സര്‍വകലാശാല അത്ലറ്റിക്സ് മീറ്റിന്‍റെ സമാപന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഡോ. മോഹനന്‍ കുന്നുമ്മലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിന് മുന്നിൽ തടഞ്ഞത്.
മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ ‘പഴയ ഗവർണറോട് ചോദിച്ചാൽ മതി എസ്.എഫ്.ഐ എന്താണെന്ന് അറിയാമെന്നും എസ്.എഫ്.ഐ വിചാരിച്ചാൽ സാറിവിടെ നിന്ന് പോകില്ലെന്നും’ ആക്രോശിച്ചു. ബന്ധുവിന്‍റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് വി.സി അറിയിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചു.
കേരള സര്‍വകലാശാലയില്‍ സ്ഥിരമായി എത്തുന്നില്ല, മാസങ്ങള്‍ കഴിഞ്ഞിട്ടും യൂനിയന്‍ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചില്ല, അകാരണമായി രണ്ട് സെനറ്റ് യോഗങ്ങള്‍ മാറ്റിവെച്ചു തുടങ്ങിയ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജില്ല പ്രസിഡന്‍റ് എം.എ. നന്ദന്‍, സെക്രട്ടറി എസ്.കെ. ആദര്‍ശ് എന്നിവരുടെ നേതൃത്വത്തിലെ പ്രതിഷേധം. നന്ദനെയും വഞ്ചിയൂര്‍ ഏരിയ കമിറ്റിയംഗങ്ങളായ രേവന്ത്, വിനയ് എന്നിവരെയും മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ പിന്നീട്, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കണ്ടാലറിയാവുന്ന 10 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.