ലോ കോളജിൽ അധ്യാപകരെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രതിഷേധം
text_fieldsകൊച്ചി: അധ്യാപകരെ സ്റ്റാഫ് റൂമിൽ പൂട്ടിയിട്ട് എറണാകുളം ലോ കോളജിൽ എസ്.എഫ്.ഐയുടെ പ്രതിഷേധം. കോളജിലെ റാഗിങ് വിരുദ്ധ സെൽ അംഗങ്ങളായ അധ്യാപകരെയടക്കം പൂട്ടിയിട്ടാണ് വാതിലിന് മുന്നിൽ കൊടിനാട്ടിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കോളജിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പിന്നീട് പൊലീസ് ഇടപെടലിനെത്തുടർന്ന് സമരം പിൻവലിച്ചു.
ഫെബ്രുവരിയിൽ കോളജ് ഹോസ്റ്റലിൽ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ സംഘർഷമുണ്ടായിരുന്നു. അതിൽ ഏതാനും കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. റാഗിങ്ങിനെ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.യു റാഗിങ് വിരുദ്ധ സെല്ലിന് പരാതി നൽകി.
എന്നാൽ, സെൽ നിയോഗിച്ച കമീഷൻ റാഗിങ് നടന്നിട്ടില്ലെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകുകയും സർവകലാശാല ഇത് അംഗീകരിക്കുകയും ചെയ്തെങ്കിലും ചില അധ്യാപകർ റിപ്പോർട്ട് തിരുത്തിയെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ചൊവ്വാഴ്ചത്തെ സമരം. തങ്ങളുടെ ആവശ്യത്തിൽ അനുകൂല തീരുമാനമുണ്ടാകും വരെ സമരം തുടരുമെന്നാണ് എസ്.എഫ്.ഐയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.