വിദ്യാർഥി കൺസഷൻ ഔദാര്യമല്ല, അവകാശം; മന്ത്രിക്കെതിരെ എസ്.എഫ്.ഐ
text_fieldsതിരുവനന്തപുരം: വിദ്യാർഥി കൺസഷനുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ എസ്.ഐ.എഫ്. കൺസഷൻ ഔദാര്യമല്ല അവകാശമാണെന്ന് എസ്.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു. മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും സംഘടന വിമർശിക്കുന്നുണ്ട്.
നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർഥികളുടെ അവകാശമാണ് ബസ് കൺസഷൻ. അത് വർധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നുമുള്ള ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണ്.
ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ വിദ്യാർഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാൽ തന്നെ ഈ അഭിപ്രായം തിരുത്താൻ മന്ത്രി തയ്യാറാകണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് രൂപ കൺസഷൻ തുകയായി നൽകാൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. അഞ്ച് രൂപ കൊടുത്താൽ വിദ്യാർഥികൾ പണം തിരിച്ച് വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കൺസഷൻ തുക ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.