എസ്.എഫ്.ഐ കിരാതത്വം അവസാനിപ്പിക്കണം, തിരുത്ത് പ്രമാണിമാരിൽ നിന്നുതന്നെ വേണം -മുൻ വി.സി ഡോ. ബി. അശോക്
text_fieldsതൃശൂർ: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്.എഫ്.ഐ നേതാക്കളുടെ ക്രൂര മർദനത്തെ തുടർന്ന് സിദ്ധാർഥ് മരിച്ച സംഭവത്തിൽ എസ്.എഫ്.ഐ കൃത്യമായ ആത്മപരിശോധന നടത്തണമെന്ന് കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. ബി.അശോക്. പൂക്കോട്ടെപ്പോലുള്ള കിരാതത്വം എസ്.എഫ്.ഐ അവസാനിപ്പിക്കണമെന്നും നിരുപാധിക ക്ഷമായാചനം നടത്തി അക്രമത്തെ തള്ളിപ്പറയണമെന്നും പൂക്കോട് സർവകലാശാല പ്രഥമ വി.സി കൂടിയായ അശോക് ആവശ്യപ്പെട്ടു.
ഗ്വാണ്ടനാമോ, നാസി കോൺസൻട്രേഷൻ ക്യാംപ് അനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന അന്യായമാണ് പൂക്കോട് കാംപസിൽ സിദ്ധാർഥനുനേരെ നടന്നതെന്നും അദ്ദേഹം മലയാള മനോരമയിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടി. മൂന്നുദിവസം ബന്ധനസ്ഥനാക്കി വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിനിർത്തുക, ക്രൂരമായി മർദിക്കുക, കഴുത്തിൽ ഇലക്ട്രിക് വയർ കെട്ടിമുറുക്കി പീഡിപ്പിക്കുക, കാൽപാട് നെഞ്ചിലും വയറ്റിലും പതിയത്തക്കവിധം ചവിട്ടുക... ബീഭത്സമായ പീഡനമുറകൾക്കുശേഷമാണ് സിദ്ധാർഥൻ മരണപ്പെട്ടത്.
മരണം കൈപ്പിഴയായി കാണാനാവില്ല. ഏക അഥവാ ഭൂരിപക്ഷ വിദ്യാർഥിസംഘത്തെ നിയന്ത്രിക്കുന്ന ക്രിമിനലുകൾ വിരാജിക്കുന്ന ക്യാംപസുകളിലെല്ലാം ഇതാണു സ്ഥിതി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലായാലും എറണാകുളം മഹാരാജാസിലായാലും ഈ പ്രവണത ഒരർബുദമായി മാറിയതു നമ്മൾ കണ്ടതാണ്. പ്രതിയോഗിയെ ആയുധങ്ങളോ ബലമോ ഉപയോഗിച്ചു വീഴ്ത്തുകയാണ് മുന്നോട്ടുപോകാൻ എളുപ്പമെന്ന് ഈ സംഘടനകൾ കരുതുന്നുണ്ടെങ്കിൽ എത്ര ദരിദ്രമാണ് ഇന്നത്തെ തലമുറയുടെ ഭാവിയും അവർ ആവിഷ്കരിക്കുന്ന പ്രമേയങ്ങളും. എത്ര ഭീതിജനകമായിരിക്കും ഇവർ ആവിഷ്കരിക്കുന്ന രാജ്യത്തിന്റെ ഭാവി? അഭിപ്രായസ്വാതന്ത്ര്യത്തിനൊന്നും അവർ സൂചികുത്തുന്നിടംപോലും നൽകാനുദ്ദേശിക്കുന്നില്ല എന്നർഥം.
നാടിനപമാനമായ ഈ ക്യാംപസ് വൈകൃതം ഇതോടെ അവസാനിപ്പിക്കണം. ഈ ക്യാംപസിലെ വഴിപിഴച്ച സംഘടനാഘടകത്തെ മാതൃസംഘടന പിരിച്ചുവിടുകയും സർവകലാശാല ഈ വക സംഘടിത ക്രിമിനൽ പ്രവർത്തനം നടത്തിയവരെ എന്നന്നേക്കുമായി പുറത്താക്കുകയും ചെയ്യണം. ഉന്നത വിദ്യാഭ്യാസരംഗത്തെ രാജ്യാന്തര ഹബ്ബായി കേരളത്തെ മാറ്റാൻ ശ്രമിക്കുമ്പോൾ വിദ്യാർഥികൾക്കു സർവകലാശാലകളിൽ ചെന്നുകയറാൻപോലും ഭീതിയുണ്ടാക്കുന്ന സാഹചര്യം മറ്റു ചിലർ സൃഷ്ടിക്കുന്നു. എസ്എഫ്ഐയുടെ മെച്ചപ്പെട്ട ഭൂതകാലം സമൂഹത്തോടുള്ള നിരുപാധിക ക്ഷമായാചനവും അക്രമത്തെ തള്ളിപ്പറയലും ആവശ്യപ്പെടുന്നു. ആ സംഘടനയുടെ ചില പ്രമാണിമാരെ നിരീക്ഷിച്ചാൽ പെരുമാറ്റത്തിലും മനോഭാവത്തിലും തിരുത്ത് തലപ്പത്തുനിന്നുതന്നെ വേണമെന്നു കാണാം. ഒരുകാലത്ത് ധൈഷണികതയ്ക്കും പഠനമികവിനും പേരുകേട്ട വിദ്യാർഥികൾ സ്വഭാവമഹിമയോടെ നയിച്ച ഇന്ത്യയിലെ മികച്ച സംഘടനകളിലൊന്നായിരുന്നു അത്. ഇന്നതിന്റെ നേതാക്കളുടെ ഇടപെടൽ ചില കായശേഷിക്കാരുടെ ചന്തയിലെയും ഗുസ്തിക്കളത്തിലെയും ആക്രോശങ്ങളെ മാത്രം അനുസ്മരിപ്പിക്കുന്നു. വലിയ ഒരു പതനം തന്നെയാണത് -ബി. അശോക് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.