എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ അറസ്റ്റിൽ
text_fieldsകൊച്ചി: വിദ്യാർഥിയെ ആക്രമിച്ച കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ അറസ്റ്റിൽ. 2018ൽ വിദ്യാർഥിയായ നിസാമുദ്ദീനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിലായ ശേഷം ആർഷോ ജാമ്യത്തിലിറങ്ങിയിരുന്നു.
എന്നാൽ, ഇയാൾ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിസാമുദ്ദീൻ ഹൈകോടതിയെ സമീപിച്ചു. ജാമ്യത്തിലിറങ്ങിയ ആർഷോ വീണ്ടും വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയതോടെ ഹൈകോടതി കഴിഞ്ഞ ഫെബ്രുവരിയിൽ ജാമ്യം റദ്ദാക്കി. ഇയാളെ കസ്റ്റഡിയിലെടുക്കാൻ എറണാകുളം എ.സി.പിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇയാൾക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നില്ല. പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി പാർട്ടി പ്രവർത്തനങ്ങളിലും വേദികളിലും സജീവമായതോടെ യൂത്ത് കോൺഗ്രസ് പരാതിയുമായി രംഗത്തെത്തി.
എറണാകുളം ജില്ല ഭാരവാഹിയായിരുന്ന പി.എം. ആർഷോയെ ഇതിനിടെ സംസ്ഥാന സെക്രട്ടറിയായി പെരുന്തൽമണ്ണയിൽ നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം തെരഞ്ഞെടുക്കുകയും ചെയ്തു. പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടും ആർഷോയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ ഡി.ജി.പി, കൊച്ചി സിറ്റി പൊലീസ് കമീഷണർ എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്തത്.
റിമാൻഡ് ചെയ്ത ആർഷോക്ക് ജില്ല ജയിലിന് പുറത്ത് എസ്.എഫ്.ഐ പ്രവർത്തകർ സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.