വധശ്രമക്കേസിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് ജാമ്യം
text_fieldsകൊച്ചി: ക്രിമിനൽ കേസിൽ പ്രതിയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. അർഷോക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ഈരാറ്റുപേട്ട സ്വദേശിയായ അഡ്വ. നിസാം നാസറിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് ജാമ്യക്കാരിൽ ഒരാൾ രക്ഷിതാവായിരിക്കണം, എറണാകുളം ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെ ജസ്റ്റിസ് വിജു എബ്രഹാം ജാമ്യം അനുവദിച്ചത്.
രണ്ട് തവണകളിലായി നൂറ് ദിവസത്തിലേറെ കസ്റ്റഡിയിൽ കഴിഞ്ഞതും വിദ്യാർഥിയാണെന്നുമുള്ള പരിഗണനകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. നേരത്തേ അർഷോ നൽകിയ ജാമ്യ ഹരജി ഹൈകോടതി തള്ളിയിരുന്നു. പിന്നീട് വീണ്ടും നൽകിയ ഹരജിയിൽ പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഹരജി പരിഗണനയിലായിരുന്നു.
നിസാം നാസറിനെ ആക്രമിച്ച കേസിൽ അർഷോക്ക് ഹൈകോടതി മുമ്പ് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങി വീണ്ടും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് ജാമ്യം റദ്ദാക്കി. ഇതിനിടെ വീണ്ടും അറസ്റ്റിലാവുകയായിരുന്നു. തനിക്കെതിരെ നിലനിൽക്കുന്ന കേസുകളിലേറെയും ധർണ, ഉപരോധം പോലുള്ള രാഷ്ട്രീയ സമരങ്ങളുടെയും പകർച്ചവ്യാധി ഓർഡിനൻസ് ലംഘനങ്ങളുടെയും പേരിലാണെന്നും ഗൗരവമുള്ള കേസുകളില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.