കഞ്ചാവ്: എസ്.എഫ്.ഐ പ്രവർത്തകന് ജാഗ്രതക്കുറവുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി; ‘കെ.എസ്.യു പ്രവർത്തകന്‍റെ മുറിയിൽ നിന്ന് കഞ്ചാവ് പിടിച്ചതിൽ നേതൃത്വം പ്രതികരിക്കണം’
text_fieldsതൃശൂർ: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജ് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹിയായ അഭിരാജിനെ തള്ളി എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം. ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അഭിരാജിന്‍റെ മുറിയിൽനിന്ന് 300 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഇത് വലിയ ചർച്ചയായപ്പോൾ കെ.എസ്.യുക്കാരുടെ മുറിയിൽനിന്ന് രണ്ടു കിലോ കഞ്ചാവ് പിടിച്ചതിനെക്കുറിച്ച് ചർച്ചയില്ല. എല്ലാറ്റിനും കാരണം എസ്.എഫ്.ഐ ആണെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. കെ.എസ്.യുവിന്‍റെ പങ്കാളിത്തം ചോദിക്കുമ്പോൾ അത് കെ.എസ്.യുക്കാരോട് ചോദിക്കാനും പ്രതിപക്ഷ നേതാവ് പറയുന്നു.
ഇതുപോലൊരു കാര്യത്തിൽ കക്ഷിരാഷ്ട്രീയ മേലങ്കി ചാർത്താൻ എസ്.എഫ്.ഐ ഇല്ല. എന്നാൽ, എല്ലാം എസ്.എഫ്.ഐ നേതാക്കളുടെ തലയിൽ വെച്ചുകെട്ടാൻ ശ്രമിക്കരുത്. സമഗ്രമായ അന്വേഷണം നടക്കണം. ഇതിൽ മാധ്യമങ്ങൾ കുറച്ചുകൂടി പക്വതയോടെ ഇടപെടണം. ഒരു തലമുറയുടെ ഭാവി തകർക്കുന്ന വിധത്തിൽ ഇടപെടലുകൾ ഉണ്ടാകരുത്. വൈദ്യപരിശോധനക്ക് തയാറാണെന്ന് എസ്.എഫ്.ഐ പ്രവർത്തകൻ പറഞ്ഞിട്ടുണ്ട്. അയാളുടെ ഭാഗം കേട്ട് തുടർനടപടി ഉണ്ടാകുമെന്നും സഞ്ജീവ് പറഞ്ഞു.
ലഹരി മാഫിയ സംഘങ്ങൾ എവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവർക്കെതിരെ ഏതറ്റംവരെ പോകാനും എസ്.എഫ്.ഐ തയാറാണെന്ന് പി.എസ്. സഞ്ജീവ് വ്യക്തമാക്കി.
കളമശ്ശേരി ഗവ: പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്.എഫ്.ഐ യൂനിയൻ ജനറൽ സെക്രട്ടറി അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. യൂനിയൻ ജനറൽ സെക്രട്ടറി കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യൻ, കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് എന്നിവരാണ് അറസ്റ്റിലായത്.
കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് അഭിരാജിന്‍റെയും ആദിത്യന്‍റെയും മുറിയിൽ നിന്ന് പിടിച്ചെടുത്തത്. അളവിൽ കുറവായതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ, മുറിയിൽ നിന്ന് 1.909 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതിനാൽ ആകാശിന് സ്റ്റേഷൻ ജാമ്യം ലഭിച്ചില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.