ആർഷോക്കെതിരായ പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് എസ്.എഫ്.ഐ
text_fieldsതിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോക്കെതിരെ നടക്കുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും തള്ളിക്കളയണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ അന്നുമുതൽ ആർഷോക്കെതിരെ നിരന്തരമായ ആക്രമണമാണ് വലതുപക്ഷവും മാധ്യമങ്ങളും അഴിച്ചുവിടുന്നത്. ഇവ ഓരോന്നിനെയും വസ്തുതകൾ അണിനിരത്തി എസ്.എഫ്.ഐ ചെറുത്തു തോൽപ്പിച്ചതുമാണ്. ഇനിയും കലി തീരാത്ത മാധ്യമങ്ങളും വലതുപക്ഷവും പുതുതായി ഉയർത്തിയ ആരോപണവും കെട്ടിച്ചമച്ചതാണ്. എറണാകുളം മഹാരാജാസ് കോളജിൽ എം.എ ആർക്കിയോളജി വിദ്യാർഥിയായ ആർഷോ എഴുതാത്ത മൂന്നാം സെമസ്റ്റർ പരീക്ഷ വിജയിച്ചു എന്ന പുതിയ പ്രചരണം വസ്തുതാ വിരുദ്ധമാണ്. പരീക്ഷാ റിസൾട്ട് ഓൺലൈനായി പ്രസിദ്ധീകരിച്ചതിൽ വന്ന സാങ്കേതികപ്പിഴവ് ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐ നേതാവിന് എഴുതാത്ത പരീക്ഷക്ക് വിജയം എന്ന് വലതുപക്ഷവും അവർക്ക് ചൂട്ട്പിടിക്കുന്ന മാധ്യമങ്ങളും കൊട്ടിഘോഷിക്കുന്നത്.
പരീക്ഷയിലെ മാർക്കിന്‍റെ സ്ഥാനത്ത് പൂജ്യമെന്ന് രേഖപ്പെടുത്തിയും, ടോട്ടൽ ക്രെഡിറ്റ് പോയിന്‍റ്, സെമസ്റ്റർ ക്രെഡിറ്റ് പോയിന്‍റ് ആവറേജ്, സെം ഗ്രേഡ് എന്നിവ രേഖപ്പെടുത്താതെയും കൃത്യമായി തന്നെയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാൽ സാങ്കേതികപ്പിഴവ്മൂലം 'passed' എന്ന് രേഖപ്പെടുത്തിയതാണ് ഇക്കൂട്ടർ ഉയർത്തിക്കാണിക്കുന്നത്. ലോകത്ത് ഒരു പരീക്ഷയിലും പരീക്ഷ എഴുതാതെ പൂജ്യം മാർക്ക് ലഭിച്ച ഒരാൾ പാസ് ആകില്ല എന്ന കാര്യം എല്ലാവർക്കുമറിയാം. കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻഫോർമേഷൻ സെന്‍ററാണ് മഹാരാജാസ് കോളജിലെ പരീക്ഷാ ഫലങ്ങൾ ഓൺലൈനായി പ്രസിദ്ധീകരിക്കാറുള്ളത്. ഇവർക്ക് പറ്റിയ സാങ്കേതികപ്പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് കോളജ് പ്രിൻസിപ്പാൾ തന്നെ വിശദീകരിച്ചിട്ട് പോലും വാർത്ത പിൻവലിക്കുന്നതിനോ ശരിയായ വാർത്ത നൽകുന്നതിനോ മാധ്യമങ്ങൾ തയ്യാറായിട്ടില്ല. ഇതിൽനിന്ന് തന്നെ ഇവരുടെ ലക്ഷ്യം എസ്.എഫ്.ഐയെ വ്യാജവാർത്ത നൽകി തകർക്കുകയാണ് എന്നുള്ളത് വ്യക്തമാണെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.