എസ്.എഫ്.ഐ അക്രമം: ഇത്തരം സമരങ്ങൾ ജനങ്ങളെ സി.പി.എമ്മിൽ നിന്ന് അകറ്റും -കോടിയേരി
text_fieldsതിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരം സമരങ്ങൾ ജനങ്ങളെ സി.പി.എമ്മിൽ നിന്ന് അകറ്റും. മറ്റു പാർട്ടികളുടെ ഓഫിസ് തകർക്കരുതെന്ന നിലപാടാണ് കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി സ്വീകരിച്ച നിലപാട്. പ്രതിഷേധം സമാധാനപരമായി വേണമെന്നാണ് നിലപാട്. അതിനു പകരം അക്രമം നടത്തിയാൽ യു.എഡി.എഫിനാണ് ഗുണം ചെയ്യുകയെന്നും കോടിയേരി പറഞ്ഞു.
ആക്രമണത്തിൽ പാർട്ടി അംഗങ്ങളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. വയനാട്ടിൽ ബഫർസോണിനെതിരെ എല്ലാ പാർട്ടികളും സമരം നടത്തുന്നുണ്ട്. സജീവ പ്രശ്നം എന്ന നിലയിലായിരിക്കാം എസ്.എഫ്.ഐയും സമരത്തിനിറങ്ങിയത്. എന്നാൽ അതെങ്ങനെ അക്രമത്തിൽ കലാശിച്ചു എന്നത് പരിശോധിക്കപ്പെടണം. സാധാരണ എസ്.എഫ്.ഐ സ്വീകരിക്കുന്ന സമരരീതിയല്ല അവിടെ നടന്നത്. ഇക്കാര്യം എസ്.എഫ്.ഐ നേതൃത്വം കൂടിയാലോചിച്ച് നടപടിയെടുക്കണം. അല്ലാതെ പാർട്ടിയല്ല, അതിൽ ഇടപെടേണ്ടത്.
വിമാനത്തിൽവച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായപ്പോൾ ആരും അപലപിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിന്റെ പേരിൽ എസ്എഫ്ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമം. പറയുന്നവരെ അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസുകാരുടെ ആവശ്യമെന്നും കോടിയേരി ആരോപിച്ചു. കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നവരെ അല്ല പൊലീസ് പ്രതികളാക്കേണ്ടത്. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും കോടിയേരി പൊലീസിനു മുന്നറിയിപ്പു നൽകി.
കണ്ണൂരിലും കോട്ടയത്തും യു.ഡി.എഫിന്റെ നേതൃത്വത്തിൽ അക്രമസംഭവങ്ങളുണ്ടായി. കണ്ണൂരിൽ ആരോഗ്യമന്ത്രിയെ തടഞ്ഞു. കോട്ടയത്ത് പൊലീസിനു നേരെയും ആക്രമണമുണ്ടായി. ചോദ്യം ചോദിച്ചാൽ പ്രകോപിതനാകുന്ന സ്ഥിതിയല്ല പ്രതിപക്ഷ നേതാവ് സ്വീകരിക്കേണ്ടതെന്നും കോടിയേരി വിമർശിച്ചു.സ്വർണക്കടത്തു കേസിൽ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം എന്നും കോടിയേരി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.