നിർമല കോളജിൽ പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ സമരം നടത്തിയെന്ന വ്യാജപ്രചരണം അവസാനിപ്പിക്കണമെന്ന് എസ്.എഫ്.ഐ
text_fieldsതിരുവനന്തപുരം: മൂവാറ്റുപുഴ നിർമല കോളജിൽ ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ വേണ്ടി സമരം നടത്തിയെന്ന വ്യാജപ്രചരണം അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ. കേരളത്തിലെ ക്യാമ്പസുകൾ മതേതരമായി നിലനിർത്തുന്നതിന് വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള സംഘടനയാണ് എസ്.എഫ്.ഐ യെന്നും സംസ്ഥാന പ്രസിഡൻറ് കെ. അനുശ്രീ, സെക്രട്ടറി പി.എം. ആർഷോ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ക്യാമ്പസുകളിൽ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങൾ ചെയ്യാൻ അനുവദിച്ചാൽ പിന്നീടത് മുഴുവൻ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഇടമായി മാറുമെന്നും അത് ക്യാമ്പസുകളുടെ മതേതര ബോധത്തെ ബാധിക്കുമെന്ന നല്ല ബോധ്യമുള്ള സംഘടനയാണ് എസ്.എഫ്.ഐ. മൂവാറ്റുപുഴ നിർമല കോളജിൽ ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എസ്.എഫ്.ഐ സമരം സംഘടിപ്പിച്ചിട്ടില്ല.
രണ്ട് വിദ്യാർഥികൾ പ്രാർത്ഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ ഒരു ക്ലാസിലെ മുഴുവൻ വിദ്യാർഥികളും പ്രിൻസിപ്പാൾ ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധം എസ്.എഫ്.ഐയുടെ തലയിൽ കെട്ടിവെക്കുന്നത് സംഘപരിവാർ, കാസ കേന്ദ്രങ്ങളുടെ കുബുദ്ധിയാണ്. എസ്.എഫ്.ഐ ഏരിയാ പ്രസിഡൻറ് ഉൾപ്പെടെയുള്ള ആ ക്യാമ്പസിൽ പഠിക്കുന്ന എസ്.എഫ്.ഐ നേതൃത്വം ആരും തന്നെ ആ സമരത്തിൻറെ ഭാഗമായിട്ടില്ല.
സംഘപരിവാർ- കാസ നുണ ഫാക്ടറികളിൽ നിന്ന് പടച്ചു വിടുന്ന നുണ സോഷ്യൽ മീഡിയയിലെ ഇടത് പ്രൊഫൈലുകൾ ഉൾപ്പെടെ ഏറ്റെടുക്കുന്നത് ഖേദകരമാണ്. സത്യം തിരിച്ചറിഞ്ഞ്, അത് പ്രചരിപ്പിക്കാൻ എസ്.എഫ്.ഐയെ സ്നേഹിക്കുന്നവർ തയാറാകണമെന്നും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.