എ.ഐ.എസ്.എഫ് നേതാക്കളെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു; സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതാണ് പ്രകോപനം
text_fieldsകോട്ടയം: എം.ജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് നേതാക്കൾക്ക് മർദനം. എ.ഐ.എസ്.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറിമാരായ അമൽ അശോകൻ, നിമിഷ രാജു, കെ. ഋഷിരാജ്, സംസ്ഥാന കൗണ്‍സിൽ അംഗം എ. സഹദ് എന്നിവർക്ക് നേരെയായിരുന്നു അക്രമം. പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.
സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നടപടിക്രമങ്ങൾ ഏകപക്ഷീയമായി മാറ്റിയതിൽ പ്രതിഷേധിച്ച് കെ.എസ്.യു തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. പിന്നീട് ഇടതുവിദ്യാർഥി സംഘടനകളായ എസ്.എഫ്.ഐയും എ.ഐ.എസ്.എഫും തമ്മിലായി മത്സരം. ഒറ്റ സീറ്റിലായിരുന്നു എ.ഐ.എസ്.എഫിന് സ്ഥാനാർഥിയുണ്ടായിരുന്നത്.
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ഫോണ്‍ ചെയ്തുകൊണ്ട് നിൽക്കുകയായിരുന്ന സഹദിനെ ഒരു പ്രകോപനവുമില്ലാതെ പാഞ്ഞെത്തിയ എസ്.എഫ്.ഐ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുെവന്ന് എ.ഐ.എസ്.എഫ് പറയുന്നു. സഹദിനെ രക്ഷപ്പെടുത്തി പൊലീസ് സംഘം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഋഷിരാജിന് നേരെ ആക്രമണമുണ്ടായി. തുടർന്ന് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.എഫ്.ഐ സംഘം വ്യാപകമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജനറല്‍ കൗണ്‍സിലിലേക്ക് എ.ഐ.എസ്.എഫ് സ്ഥാനാർഥിയായി കോട്ടയം ജില്ല പ്രസിഡൻറ് എസ്. ഷാജോയാണ് മത്സരിച്ചിരുന്നത്.
കെ.എസ്.യു തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ ഷാജോ മാത്രമായിരുന്നു എതിരാളി. ഇതോടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാമെന്ന എസ്.എഫ്.ഐ മോഹം പൊലിഞ്ഞതിെൻറ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് എ.ഐ.എസ്.എഫ് നേതാക്കൾ പറയുന്നു. വോട്ടുചെയ്യാനെത്തിയവരെ എസ്.എഫ്.ഐക്കാർ ഭീഷണിപ്പെടുത്തിയതായും വ്യാപക പരാതിയുണ്ട്.
'ജനാധിപത്യം എന്ന് എഴുതി പഠിക്കെടാ'; എസ്.എഫ്.ഐ അക്രമികളോട് എ.ഐ.എസ്.ഫ് നേതാവ് നിമിഷ രാജുവിന്‍റെ രോഷം
'ജനാധിപത്യം എന്ന് എഴുതി പഠിക്കെടാ നിങ്ങൾ. ആ വാക്കിന്‍റെ അർഥമെന്താന്ന് മനസിലാക്ക്. ആർ.എസ്.എസുകാരാകല്ലേടാ..' -തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറുകയായിരുന്നു എ.ഐ.എസ്.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി നിമിഷ രാജു. എം.ജി സർവകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ എ.ഐ.എസ്.എഫ് നേതാക്കളെ ആക്രമിച്ചതിനെ തുടർന്നുണ്ടായ പോർവിളികൾക്കിടയിലായിരുന്നു നിമിഷ രാജുവിന്‍റെ മറുപടി 'പ്രസംഗം'.
'കാട്ടുതീയാണ് നിങ്ങൾ കാണിക്കുന്നത്. ഞങ്ങൾ ജനാധിപത്യപരമായാണ് മത്സരിക്കുന്നത്. ഞങ്ങളിനിയും മത്സരിക്കും. എത്രകാലം നിങ്ങൾ ഞങ്ങളെ തല്ലി തോൽപിക്കും. തല്ലിയല്ലേ നിങ്ങൾക്ക് തോൽപിക്കാൻ പറ്റുള്ളൂ.. ഞങ്ങൾ ആർ.എസ്.എസിനോടാണ് പോരടിക്കുന്നത്.
ഒരുത്തനെ ഒറ്റക്ക് ആക്രമിച്ചിട്ട് വലിയ ഹുങ്ക് കാണിക്കുന്നു. എസ്.എഫ്.ഐ ആണത്രെ.
ഞങ്ങൾ ഇടതു പക്ഷത്തിന്‍റെ രാഷ്ട്രീയം നന്നായിട്ട് മനസിലാക്കിയിട്ട് തന്നെയാണ് നിൽക്കുന്നത്. ഞങ്ങൾക്ക് മാന്യതയുണ്ട്.
ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലാണ് ഈ തോന്ന്യാസം കാണിക്കുന്നത്. എന്ത് ജനാധിപത്യമാണ് ഇവർക്കുള്ളത്. ഒരാളെ ഒറ്റക്ക് ആക്രമിക്കുന്നതാണ് ഇവരുടെ ജനാധിപത്യം.'- പൊലീസിനെ സാക്ഷി നിർത്തി നിമിഷ രാജു എസ്.എഫ്.ഐ പ്രവർത്തകരോടായി രോഷം കൊണ്ടു.
സംഘർഷത്തിന് ശേഷമുള്ള ദൃശ്യങ്ങൾ. നിമഷ പറയുന്നത് കേൾക്കാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.