കാലിക്കറ്റിൽ ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം; പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഗവർണർ എത്തുംമുമ്പ് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ഗവർണർ താമസിക്കാനെത്തുന്ന സർവകലാശാല ഗസ്റ്റ്ഹൗസ് ഉപരോധിച്ച് 500 ഓളം എസ്.എഫ്.ഐ പ്രവർത്തകരാണ് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ നേതൃതത്വത്തിൽ ഉപരോധസമരം തുടങ്ങിയത്. സർവകലാശാല പ്രവേശന കവാട ഭാഗത്ത് നിന്ന് ഒരുവിഭാഗം എസ്.എഫ്.ഐ പ്രവർത്തകരും മറുവശത്ത് നിന്ന് മറ്റൊരു വിഭാഗവും പ്രകടനവുമായി എത്തിയാണ് സമരം തുടങ്ങിയത്.
ഗവർണറുടെ സന്ദർശനത്തിന് മുന്നോടിയായി പൊലീസ് കനത്ത കാവലൊരുക്കിയിരുന്നു. മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിൽ നിന്നും പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുമായി 500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ശനിയാഴ്ച്ച സർവകലാശാല കാമ്പസിൽ വിന്യസിച്ചത്.സർവകലാശാല പ്രധാന പ്രവേശന കവാടം, ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് കൂടുതൽ പോലീസ് സേനയെ നിയോഗിച്ചത്. കൊണ്ടോട്ടി ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് സേനാ വിന്യാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.