വീണക്കെതിരായ മാസപ്പടി കേസ്: എസ്.എഫ്.ഐ.ഒ അന്വേഷണ സംഘം കെ.എസ്.ഐ.ഡി.സിയിൽ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ ഉയർന്ന മാസപ്പടി ആരോപണത്തിൽ വ്യവസായ വകുപ്പിന് കീഴിലുള്ള വ്യവസായ വികസന കോർപറേഷന്റെ (കെ.എസ്.ഐ.ഡി.സി) ഓഫിസിൽ എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) അന്വേഷണം. എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ നാലംഗ സംഘമാണ് പരിശോധന നടത്തിയത്.
ബുധനാഴ്ച ഉച്ചയോടെ ഓഫിസിലെത്തിയ സംഘം ആദ്യഘട്ടമെന്നനിലയിൽ രേഖകൾ പരിശോധിക്കുകയാണ് ചെയ്തത്. മാസപ്പടി വിവാദത്തെ രണ്ടു സ്വകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടെന്ന് പറഞ്ഞ് പ്രതിരോധിച്ചിരുന്ന സി.പി.എമ്മിനും സർക്കാറിനും ഏറ്റ പ്രഹരമായാണ് കെ.എസ്.ഐ.ഡി.സിയെ ഉൾപ്പെടുത്തിയുള്ള അന്വേഷണത്തെ വിലയിരുത്തുന്നത്. കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ കെ.എസ്.ഐ.ഡി.സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. 13.4 ശതമാനം ഓഹരികളാണ് കെ.എസ്.ഐ.ഡി.സിക്കുള്ളത്.
ഒരു സേവനവും ലഭ്യമാക്കാതെ വീണയുടെ കമ്പനിയായ എക്സാലോജിക്കിനു സി.എം.ആർ.എൽ വൻ തുക കൈമാറിയെന്ന് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെന്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. സി.എം.ആർ.എല്ലും കെ.എസ്.ഐ.ഡി.സിയുമായുള്ള ഇടപാടുകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ജനുവരി അവസാനമാണ് എക്സാലോജിക്കിന്‍റെ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.എഫ്.ഐ.ഒയെ ചുമതലപ്പെടുത്തിയത്.
എട്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. ആറ് ഉന്നത ഉദ്യോഗസ്ഥരാണ് എസ്.എഫ്.ഐ.ഒ അന്വേഷണ സംഘത്തിൽ. എസ്.എഫ്.ഐ.ഒ ഡെപ്യൂട്ടി ഡയറക്ടർ എം. അരുൺ പ്രസാദിനാണ് ചുമതല. കഴിഞ്ഞ ദിവസം എറണാകുളത്തെ ആദായ നികുതി വകുപ്പ് ആസ്ഥാനം സന്ദർശിച്ച് സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. സി.എം.ആർ.എൽ കമ്പനിയിൽനിന്നും വിവരം ശേഖരിച്ചു. കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ രൂപവത്കരിച്ചതാണ് എസ്.എഫ്.ഐ.ഒ. റെയ്ഡിനും അറസ്റ്റിനും എസ്.എഫ്.ഐ.ഒക്ക് അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.