മാസപ്പടി കേസ്: അറസ്റ്റ് ഭീതിയിൽ സി.എം.ആർ.എൽ ഉദ്യോഗസ്ഥർ, വീണ്ടും എസ്.എഫ്.ഐ.ഒ സമൻസ്
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ടി. വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) ഉദ്യോഗസ്ഥർക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) വീണ്ടും സമൻസ് അയച്ചു. ഈ മാസം 28, 29 തീയതികളിൽ ചെന്നൈയിലെ ഓഫിസിൽ ഹാജരാകാനാണ് നിർദേശം. എട്ട് ഉദ്യോഗസ്ഥർക്കാണ് സമൻസ് നൽകിയത്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ ഡൽഹി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
നേരത്തെ പത്ത് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു എസ്.എഫ്.ഐ.ഒക്ക് ഹൈകോടതി നൽകിയ നിർദേശം. ഇതിൽ ഒരു മാസം മാത്രമാണ് ഇനി ശേഷിക്കുന്നത്. ഇക്കാലയളവിൽ നിരവധിപേരെ വിളിപ്പിക്കുകയും ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തിരുന്നു. നിലവിൽവന്ന സമൻസ് അറസ്റ്റിനു മുന്നോടിയായുള്ളതാണോ എന്ന സംശയത്തിലാണ് സി.എം.ആർ.എൽ കോടതിയെ സമീപിച്ചത്. കോടതി നിർദേശം തുടർനടപടികളിൽ നിർണായകമാകും.
കേസുമായി ബന്ധപ്പെട്ട് ടി. വീണക്ക് സമൻസ് നൽകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ശശിധരൻ കർത്തയുടെ കമ്പനിയായ സി.എം.ആർ.എൽ 1.72 കോടി രൂപ വീണ വിജയന്റെ കമ്പനിക്ക് നൽകിയതാണ് രാഷ്രടീയവിവാദങ്ങൾക്ക് കാരണമായത്. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സി.എം.ആർ.എൽ കമ്പനി വീണക്ക് പണം നൽകിയതെന്നും സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നുമുള്ള ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തലും വിവാദം ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.