ഷാബ ശരീഫ് കൊലപാതകക്കേസ് പ്രതി ഒളിവില്‍ കഴിയവെ മരിച്ചു
text_fieldsനിലമ്പൂര്‍: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബ ശരീഫ് കൊലപാതകം, അബൂദബിയിലെ ഇരട്ടക്കൊലപാതകം എന്നീ കേസുകളിൽ പ്രതിയായി ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് വൃക്കരോഗം ബാധിച്ച് ഗോവയില്‍ മരിച്ചു. നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഫാസിലാണ് (33) വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ചികിത്സ നടത്തവെ മരിച്ചത്. ഷാബ ഷരീഫ് കൊലപാതകക്കേസില്‍ മുഖ്യപ്രതി നിലമ്പൂര്‍ മുക്കട്ട ഷൈബിന്‍ അഷറഫ് ഉള്‍പ്പെടെയുള്ളവര്‍ ജയിലിലാണ്.
ഈ കേസിൽ ഫാസിലും കുന്നേക്കാടന്‍ ഷമീം എന്ന പൊരി ഷമീമുമാണ് (34) ഒളിവിലുള്ളത്. ഇരുവര്‍ക്കും വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2022 ഏപ്രില്‍ അവസാനത്തോടെയാണ് ഫാസിൽ ഒളിവില്‍ പോയത്. ഷൈബിന്‍ അഷറഫ് ഉള്‍പ്പെട്ട അബൂദബി ഇരട്ട കൊലപാതകക്കേസ് സി.ബി.ഐയാണ് അന്വേഷിക്കുന്നത്. ഷാബ ശരീഫ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനാൽ വിചാരണ നടക്കുകയാണ്.
ഫാസിൽ ഗോവയിലായിരുന്നെന്ന് തെളിഞ്ഞതോടെ ഷമീമും ഗോവയിലുണ്ടാവുമെന്നാണ് പൊലീസ് കരുതുന്നത്. നിരവധി സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഞ്ചു പേരടങ്ങുന്ന സംഘത്തിലെ മൂന്നു പേരെ എറണാകുളത്തെ ഒളിത്താവളത്തില്‍നിന്ന് പൊലീസ് പിടികൂടുമ്പോള്‍ ഫാസിലും ഷമീമും അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.