ഷാബ ശരീഫ് വധം: രണ്ട് പ്രതികൾക്കെതിരെ പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്
text_fieldsനിലമ്പൂർ: മൈസൂർ സ്വദേശിയും നാട്ടുവൈദ്യനുമായ ഷാബ ശരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള പ്രതികൾക്കായി നിലമ്പൂർ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിലമ്പൂർ ഇയ്യംമടയിലെ കൈപ്പഞ്ചേരി ഫാസിൽ, നിലമ്പൂർ മുക്കട്ട പഴയ പോസ്റ്റ് ഓഫിസിന് സമീപത്തെ ഷമീം എന്ന പൊരി ഷമീം എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ഡൽഹി, ഗോവ, ആന്ധ്രപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നു. ഒടുവിൽ ഇവർ എറണാകുളത്തുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സംഘത്തിലെ മൂന്നുപേർ വലയിലായെങ്കിലും ഫാസിലും ഷമീമും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. കേസിലെ പ്രധാന പ്രതിയും സഹായിയായ റിട്ട. എസ്.ഐയും ഉൾെപ്പടെ എട്ടുപേർ അറസ്റ്റിലായി ജയിലിലടക്കപ്പെട്ടെങ്കിലും ഒരു വർഷത്തിന് ശേഷവും ഫാസിലിനെയും ഷമീമിനെയും പിടികൂടാനായിട്ടില്ല. ഷാബ ഷരീഫ് കൊലപാതക കേസിന് പുറമെ അബൂദബിയിലെ ഇരട്ട കൊലപാതക കേസിലും ഇവർ പ്രതികളാണ്.
ഇവരടങ്ങുന്ന സംഘത്തെ ഒളിവിൽ പാർക്കാൻ സഹായിച്ചതിനും സാമ്പത്തിക സഹായം നൽകിയതിനും കേസിലെ പ്രധാന പ്രതി ഷൈബിൻ അഷ്റഫിന്റെ ഭാര്യ അടക്കം അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2020ലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങൾ നടന്നത്. ഷൈബിൻ അഷറഫിന്റെ നിർദേശ പ്രകാരം, ഒളിവിൽ കഴിയുന്ന പ്രതികൾ യു.എ.ഇയിലേക്ക് സന്ദർശക വിസയിൽ പോയി കോഴിക്കോട് കുന്ദമംഗലം സ്വദേശി ഹാരിസ്, ഇയാളുടെ മാനേജർ ചാലക്കുടി സ്വദേശി ഡെൻസി എന്നിവരെ ഫ്ലാറ്റിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ കേസ് ഇപ്പോൾ സി.ബി.ഐയാണ് അന്വേഷിക്കുന്നത്. അബൂദബിയിലെ കൃത്യത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ സംഘം നേരത്തെ തന്നെ തട്ടിക്കൊണ്ട് വന്ന് ഷൈബിൻ അഷറഫിന്റെ മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിച്ചിരുന്ന ഷാബ ശരീഫിനെയും കൊലപ്പെടുത്തുകയായിരുന്നു. അബൂദബിയിൽ കൊല്ലപ്പെട്ട ഹാരിസിന്റെ സുഹൃത്തായ കോഴിക്കോട് കുന്ദമംഗലം സ്വദേശിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലും ഒളിവിൽ കഴിയുന്നവർ പ്രതികളാണ്. ഇവരെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497987173, 8301991559, 9497921602, 9497921629 നമ്പറുകളിൽ മലപ്പുറം, നിലമ്പൂർ പൊലീസിനെ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.