ഷാബ ശരീഫ് വധക്കേസ്: മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 13 വർഷവും ഒൻപതുമാസവും തടവ് ശിക്ഷ
text_fieldsമഞ്ചേരി: മൈസൂരുവിലെ പാരമ്പര്യവൈദ്യന്‍ ഷാബ ശരീഫിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയ മൂന്നു പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി വീട്ടില്‍ ഷൈബിന് അഷ്റഫിന് (37) 13 വര്‍ഷവും ഒമ്പതു മാസവും കഠിന തടവും 2.45 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ഒന്നാം പ്രതിക്ക് ഗൂഢാലോചന - രണ്ട് വർഷം, തടവിൽ പാർപ്പിക്കൽ -മൂന്ന് വർഷം, തെളിവ് നശിപ്പിക്കൽ -ഒൻപത് മാസം, മന:പൂർവ വല്ലാത്ത നരഹത്യ - എട്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ. രണ്ടാം പ്രതിക്ക് ഗൂഢാലോചന - രണ്ട് വർഷം, തട്ടിക്കൊണ്ട് പോകൽ -മൂന്ന് വർഷം, തടവിൽ പാർപ്പിക്കൽ -മൂന്ന് വർഷം, തെളിവ് നശിപ്പിക്കൽ -ഒൻപത് മാസം എന്നിങ്ങനെയാണ് ശിക്ഷ. ആറാം പ്രതിക്ക് ഗൂഢാലോചന -രണ്ട് വർഷം, തടവിൽ പാർപ്പിക്കൽ -മൂന്ന് വർഷം, തെളിവ് നശിപ്പിക്കൽ - ഒൻപത് മാസം എന്നിങ്ങനെയാണ് ശിക്ഷ.
ഷൈബിന്റെ മാനേജറായിരുന്ന രണ്ടാം പ്രതി വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന് (39) എട്ടു വര്‍ഷവും ഒമ്പതു മാസവും കഠിന തടവും 60,000 രൂപ പിഴയും ആറാം പ്രതിയും ഡ്രൈവറുമായ മുക്കട്ട നടുത്തൊടിക നിഷാദിന് (32) അഞ്ചു വര്‍ഷവും ഒമ്പതു മാസവും കഠിന തടവും 45,000 രൂപ പിഴയുമാണ് മഞ്ചേരി ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എം. തുഷാര്‍ വിധിച്ചത്.
പ്രതികള്‍ റിമാൻഡിൽ കിടന്ന കാലാവധി ശിക്ഷയില്‍ ഇളവുചെയ്യും. പ്രതികൾ പിഴ അടക്കുന്നപക്ഷം കൊല്ലപ്പെട്ട ഷാബ ശരീഫിന്റെ കുടുംബത്തിന് നൽകണം. ഇയാളുടെ ആശ്രിതര്‍ക്ക് സര്‍ക്കാറിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്കി.
ഷാബ ശരീഫ്
15 പ്രതികളുള്ള കേസില്‍ ഒമ്പതു പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു. കേസിലെ ഏഴാം പ്രതി നൗഷാദിനെ മാപ്പുസാക്ഷിയാക്കി. 14ാം പ്രതി ഫാസില്‍ വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ വര്‍ഷം മരിച്ചു. 15 ാം പ്രതി നിലമ്പൂര്‍ മുക്കട്ട പഴയ പോസ്റ്റ് ഓഫിസിനു സമീപത്തെ ഷമീം എന്ന പൊരി ഷമീമിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാളുടെ വിചാരണ പിന്നീട് നടക്കും.
2019 ആഗസ്റ്റ് ഒന്നിന് മൂലക്കുരു ചികിത്സയുടെ രഹസ്യം ചോര്‍ത്താന്‍ ഷാബ ശരീഫിനെ മൈസൂരുവിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുവന്ന് മുക്കട്ടയിലെ ഷൈബിന്റെ വീട്ടില്‍ താമസിപ്പിച്ചെന്നും കടുത്ത പീഡനങ്ങള്‍ക്ക് വിധേയനാക്കിയെങ്കിലും ഒറ്റമൂലി രഹസ്യം വെളിപ്പെടുത്താത്തതിനെ തുടര്‍ന്ന് 2020 ഒക്ടോബര്‍ എട്ടിന് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാക്കില്‍ക്കെട്ടി ചാലിയാറില്‍ ഒഴുക്കിയെന്നുമാണ് പ്രോസിക്യൂഷന് കേസ്.
80 സാക്ഷികളെ പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.എം. കൃഷ്ണന് നമ്പൂതിരി കോടതി മുമ്പാകെ വിസ്തരിച്ചു. 226 പേജുകളിലാണ് വിധിപ്പകർപ്പ്. പ്രതികളെ കോഴിക്കോട് ജില്ല ജയിലിലേക്കു മാറ്റി. ഞായറാഴ്ച തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.