ഷാബ ഷെരീഫ് വധക്കേസ്; അബൂദബിയിലെ ഇരട്ട കൊലക്കേസിലും ഷൈബിൻ മുഖ്യപ്രതി
text_fields1.കൊല്ലപ്പെട്ട ഷാബ ശരീഫ്, 2.ഷൈബിൻ അഷ്റഫ്
നിലമ്പൂർ: ഷാബ ശരീഫ് വധക്കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ച ഷൈബിൻ അഷ്റഫ് അബൂദബിയിലെ ഇരട്ട കൊലപാതകക്കേസിലും മുഖ്യപ്രതി. ഷൈബിൻ അഷ്റഫിന്റെ അബൂദബിയിലെ ബിസിനസ് പങ്കാളി കോഴിക്കോട് ഈസ്റ്റ് മലയമ്മയിലെ തത്തമ്മപറമ്പിൽ ഹാരിസ് (36), ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരി ചാലക്കുടി സ്വദേശി ഡെൻസി ആന്റണി എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ഷൈബിൻ മുഖ്യ പ്രതിയായിട്ടുള്ളത്.
2020 മാർച്ച് അഞ്ചിനാണ് ഹാരിസിനെയും ഡെൻസി ആന്റണിയെയും അബൂദബിയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബാത്ത് ടബ്ബിൽ രക്തം വാർന്ന നിലയിലാണ് ഹാരിസിന്റെ മൃതദേഹം കിടന്നിരുന്നത്. സാഹചര്യ തെളിവുകൾ വെച്ച് ഡെൻസിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ജീവനൊടുക്കിയെന്ന നിഗമനത്തിൽ അബൂദബി പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും പ്രേമനൈരാശ്യത്തിൽ ഡെൻസിയെ കൊന്ന് ഹാരിസ് ജീവനൊടുക്കുകയായിരുന്നുവെന്നും ഷൈബിനും കൂട്ടാളികളും പ്രചരിപ്പിച്ചിരുന്നു.
ഷാബ ശരീഫ് വധക്കേസിൽ ഷൈബിനെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തെന്ന് അറിഞ്ഞതോടെ ഹാരിസിന്റെ മാതാവ് സാറാബിയും സഹോദരി ഹാരിഫയും നിലമ്പൂർ സ്റ്റേഷനിലെത്തി മകന്റെ മരണത്തിൽ സംശയമുണ്ടെന്നും ഷൈബിനും കൂട്ടാളികളും മകനെ കൊന്നതാണെന്നും പൊലീസിനോട് പറഞ്ഞു. പിന്നാലെയാണ് ഷാബ ശരീഫ് കൊലപാതകത്തിലെ മാപ്പുസാക്ഷിയായ തങ്ങളകത്ത് നൗഷാദ് സെക്രട്ടേറിയറ്റിന് മുന്നിൽവെച്ച് തങ്ങളാണ് ഹാരിസിനെയും ഡെൻസിയെയും കൊന്നതെന്ന് വിളിച്ചുപറഞ്ഞത്.
സാറാബിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരട്ടക്കൊലപാതകത്തിലും അന്വേഷണം തുടങ്ങി. നൗഷാദിന്റെ വെളിപ്പെടുത്തലിൽ നടത്തിയ അന്വേഷണത്തിലും കൂട്ടുപ്രതികളെ ചോദ്യം ചെയ്തതിലും ഹാരിസിന്റെയും ഡെൻസിയുടെയും മരണം കൊലപാതകമാണെന്ന് സംശയിക്കപ്പെട്ടു. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പുനർ പോസ്റ്റ്മോർട്ടം നടത്തി. ഇരുവരെയും കൊന്നതാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു പുനർ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വിദേശത്ത് നടന്ന കൊലപാതകങ്ങളുടെ അന്വേഷണത്തിൽ ലോക്കൽ പൊലീസിന് പരിമിതിയുള്ളതിനാൽ ഹാരിസിന്റെ കുടുംബത്തിന്റെ അപേക്ഷയിൽ കേസ് സി.ബി.ഐ ഏറ്റെടുത്തു. നിലമ്പൂർ മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ വന്ന് സി.ബി.ഐ തെളിവുകൾ ശേഖരിച്ചിരുന്നു. ഷൈബിൻ ഉൾപ്പെടെ 11ഓളം പ്രതികളാണ് ഈ കേസിലുള്ളത്.
ഹാരിസിനെയും ഡെൻസിയെയും അബൂദബിയിലെ ഫ്ലാറ്റിൽ കെട്ടിയിട്ട് ഒരേ ദിവസമാണ് കൊലപ്പെടുത്തിയത്. പി.പി.ഇ കിറ്റ് ധരിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു. മുഖ്യപ്രതി സിഗ്നൽ ആപ്ലിക്കേഷനിൽ ലൈവിൽ വന്ന് എങ്ങനെ കൃത്യം നടത്തണമെന്ന് നിർദേശം നൽകി.
തനിക്ക് പ്രായപൂർത്തിയാവാത്ത മൂന്നു കുട്ടികളുണ്ടെന്നും കൊല്ലരുതെന്നും ഡെൻസി കരഞ്ഞ് പറഞ്ഞു. ഹാരിസിന്റെ മൃതദേഹം തൂക്കിയിട്ട് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു. അബൂദബിയിലെത്തിയതും തിരിച്ചുപോന്നതും ഷൈബിന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു. ഷൈബിൻ ലക്ഷങ്ങൾ പാരിതോഷികം നൽകിയതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.