ഷാബ ഷെരീഫ് വധക്കേസ്: ഒന്നാം പ്രതി ഷൈബിൻ അഷറഫ് ഉൾപ്പെടെ മൂന്നുപേർ കുറ്റക്കാർ
text_fieldsഷൈബിൻ അഷറഫ്, ശിഹാബുദ്ദീൻ, നിഷാദ്
മഞ്ചേരി: ഏറെ കോളിളക്കമുണ്ടാക്കിയ ഷാബ ശരീഫ് വധക്കേസിൽ മൂന്നുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി വീട്ടിൽ ഷൈബിൻ അഷ്റഫ് (37), രണ്ടാം പ്രതിയും ഷൈബിന്റെ മാനേജരുമായിരുന്ന വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (39), ആറാം പ്രതിയും ഡ്രൈവറുമായ മുക്കട്ട നടുത്തൊടിക നിഷാദ് (32) എന്നിവരെയാണ് മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. തുഷാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ഒന്നാം പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന എന്നിവയും മറ്റു രണ്ടു പ്രതികൾക്കെതിരെ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തടവിൽ പാർപ്പിക്കൽ എന്നീ കുറ്റങ്ങളുമാണ് തെളിഞ്ഞത്. ഇവർക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും. സംസ്ഥാനത്ത് മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താത്ത കേസിലെ ആദ്യ വിധിയാണിത്.
15 പ്രതികളുള്ള കേസിൽ ഒമ്പതുപേരെ വെറുതെവിട്ടു. നിലമ്പൂർ പൂളക്കുളങ്ങര വീട്ടിൽ ഷബീബ് റഹ്മാൻ (33), വണ്ടൂർ പഴയ വാണിയമ്പലം ചീര ഷെഫീഖ് (31), വൈദ്യനെ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന സംഘത്തിലെ ചന്തക്കുന്ന് കൂത്രാടൻ മുഹമ്മദ് അജ്മൽ (33), നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി വീട്ടിൽ സുനിൽ (43), റിട്ട. എസ്.ഐ വയനാട് സുൽത്താൻ ബത്തേരി കൊളേരി ശിവഗംഗ വീട്ടിൽ എസ്. സുന്ദരൻ (63), വണ്ടൂർ മുത്തശ്ശിക്കുന്ന് കാപ്പിൽ വീട്ടിൽ കെ. മിഥുൻ (30), വണ്ടൂർ പുളിക്കാട്ടുപടി പാലപ്പറമ്പിൽ കൃഷ്ണപ്രസാദ് (29), ഒന്നാം പ്രതി ഷൈബിന്റെ ഭാര്യ കൈപ്പഞ്ചേരി ഫസ്ന (31), ചന്തക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് വീട്ടിൽ അബ്ദുൽ വാഹിദ് (29) എന്നിവരെയാണ് വെറുതെ വിട്ടത്.
ഏഴാം പ്രതി നൗഷാദിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. 14ാം പ്രതി ഫാസിൽ വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം മരിച്ചു. 15ാം പ്രതി നിലമ്പൂർ മുക്കട്ട പഴയ പോസ്റ്റ് ഓഫിസിന് സമീപത്തെ ഷമീം എന്ന പൊരി ഷമീമിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
2019 ആഗസ്റ്റ് ഒന്നിന് മൂലക്കുരു ചികിത്സയുടെ രഹസ്യം ചോർത്താൻ പാരമ്പര്യ വൈദ്യൻ ഷാബ ശരീഫിനെ മൈസൂരുവിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുവന്ന് മുക്കട്ടയിലെ ഷൈബിന്റെ വീട്ടിൽ താമസിപ്പിച്ചെന്നും 2020 ഒക്ടോബർ എട്ടിന് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാക്കിൽക്കെട്ടി ചാലിയാറിൽ ഒഴുക്കിയെന്നുമാണ് കേസ്. ഷാബ ഷെരീഫിന്റെ ഭാര്യ, മക്കൾ, പേരക്കുട്ടി, സഹോദരൻ എന്നിവരുൾപ്പെടെ 80 സാക്ഷികളെ കേസിൽ വിസ്തരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.