വിധിയിൽ സന്തോഷമെന്ന് ഷാബ ശരീഫിന്റെ കുടുംബം
text_fieldsമഞ്ചേരി: പാരമ്പര്യ വൈദ്യൻ ഷാബ ശരീഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഷാബയുടെ മരുമകൻ ഇസ്മായീൽ ‘മാധ്യമ’ത്തോട് പറഞ്ഞു. ഷാബയെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതികൾക്ക് ശിക്ഷ വിധിച്ചത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. വിധി കേൾക്കാൻ കോടതിയിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും നോമ്പുകാലമായതിനാൽ യാത്ര പ്രയാസമാകുമെന്ന് കരുതിയാണ് വരാതിരുന്നത്. ശിക്ഷ വിധിക്കുന്നത് നേരിൽ കാണാൻ താൽപര്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇതിലേറെ ശിക്ഷ ലഭിക്കണമെന്നായിരുന്നു ആഗ്രഹം. അർഹമായ ശിക്ഷ ലഭിച്ചിട്ടില്ല എന്നാണ് കരുതുന്നത്. നോമ്പിനുശേഷം കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.എം. കൃഷ്ണൻ നമ്പൂതിരിയെ വന്നുകാണും. കേസിന്റെ തുടക്കം മുതൽ ശിക്ഷ വിധിക്കുന്നതുവരെ പൊലീസും പ്രോസിക്യൂട്ടറും പിന്തുണ നൽകി. അതുകൊണ്ടാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. സത്യസന്ധമായ രീതിയിൽ പൊലീസ് അന്വേഷണം നടത്തിയെന്നും ഇസ്മായീൽ പറഞ്ഞു.
ഷാബ ശരീഫിനെ ചികിത്സക്ക് എന്നു പറഞ്ഞ് വീട്ടിൽനിന്ന് കൊണ്ടുപോയത് പലതവണ നിർബന്ധിച്ചാണ്. കേസിൽ ശിക്ഷിച്ച രണ്ടാം പ്രതി ഷിഹാബുദ്ദീൻ നേരത്തേ രണ്ടു തവണ വീട്ടിൽ വന്നിരുന്നു. ചികിത്സക്ക് കൂടെ പോരണമെന്ന് ആവശ്യപ്പെട്ടു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഷാബ പോകാൻ വിസമ്മതിച്ചു. നേരത്തേ ഒന്നാം പ്രതി ഷൈബിനും ഇയാളുടെ ബന്ധുവിനും വേണ്ടി ഷാബ ചികിത്സ നടത്തിയിരുന്നു. ഈ പരിചയമാണ് വീണ്ടും ഷാബയിലേക്കെത്തിച്ചത്.
2019 ആഗസ്റ്റ് ഒന്നിന് രാവിലെ 11.30ന് ഷിഹാബ് വീട്ടിൽ വന്നു. ഈ സമയം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ഷാബ അറിയിച്ചെങ്കിലും ഷിഹാബ് നിർബന്ധിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി. ചികിത്സക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും എടുത്താണ് അദ്ദേഹം പോയത്. പിന്നീട് തിരിച്ചുവന്നില്ല. 24 മണിക്കൂറിനുശേഷവും വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ മൈസൂരു സരസ്വതിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഷാബ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.
എന്നാൽ, മൂന്നു വർഷത്തിനുശേഷം കേരളത്തിൽനിന്നുള്ള പൊലീസ് സംഘം അന്വേഷണത്തിന് വന്നപ്പോഴാണ് കൊല്ലപ്പെട്ട വിവരമറിഞ്ഞത്. മൃതദേഹം ലഭിക്കാതിരുന്നിട്ടും പ്രതികളെ കുടുക്കിയത് ദൈവത്തിന്റെ കരങ്ങളാണെന്നും ഇസ്മായീൽ പറഞ്ഞു. ഷാബയുടെ മരുമകളുടെ ബന്ധു കഴിഞ്ഞ ദിവസം ബംഗളൂരുവിൽ മരിച്ചിരുന്നു. ശിക്ഷ വിധിക്കുന്ന സമയം ഭാര്യ ജബിൻ താജ് അവിടെയായിരുന്നു. ശിക്ഷാവിധിയിൽ സന്തോഷമുണ്ടെങ്കിലും ഷാബയുടെ വേർപാടിൽ ദുഃഖവുമായി കഴിയുകയാണ് കുടുംബം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.