'ശ്രീദേവി' വീഴ്ത്തിയത് ഭഗവൽസിങ്ങിനെ മാത്രമോ? മറ്റാരെങ്കിലും കെണിയിൽ പെട്ടോയെന്ന് അന്വേഷണം
text_fieldsകൊച്ചി: ഇലന്തൂരിൽ സ്ത്രീകളെ നരബലിക്കിരയാക്കിയ കേസിലെ പ്രതികളായ ഭഗവൽ സിങ്ങും മുഹമ്മദ് ഷാഫിയും പരിചയപ്പെടുന്നത് ഫേസ്ബുക്ക് വഴിയാണ്. എന്നാൽ, ഷാഫിയുടെ വ്യാജ അക്കൗണ്ടായ 'ശ്രീദേവി' എന്ന പ്രൊഫൈൽ വഴിയാണ് ഭഗവൽസിങ്ങുമായി അടുപ്പത്തിലാകുന്നത്. 'ശ്രീദേവി'യാണ് ഭഗവൽ സിങ്ങിനെ ഷാഫിയിലേക്കെത്തിച്ചത്.
'ശ്രീദേവി' വ്യാജ അക്കൗണ്ടിന് ഒരു റോസാപ്പൂവായിരുന്നു ഷാഫി പ്രൊഫൈൽ ചിത്രമായി നൽകിയിരുന്നത്. മൂന്ന് വർഷം മുമ്പാണ് ഭഗവൽസിങ്ങിന് ശ്രീദേവിയുടെ ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്. ചാറ്റിലൂടെ ഭഗവൽസിങ് 'ശ്രീദേവി'യുമായി വളരെ അടുപ്പത്തിലാകുകയും വ്യക്തിപരമായ കാര്യങ്ങൾ ഉൾപ്പെടെ പങ്കുവെക്കുകയുമായിരുന്നു.
മൂന്ന് വർഷം ചാറ്റ് ചെയ്തിട്ടും ഒരിക്കൽ പോലും ഭഗവൽസിങ് 'ശ്രീദേവി'യുടെ ശബ്ദം കേട്ടിരുന്നില്ല. ഫോൺ വിളികളുണ്ടായിരുന്നില്ല. 'ശ്രീദേവി'യുമായി കടുത്ത പ്രണയത്തിലായിരുന്നു ഭഗവൽസിങ് എന്നാണ് പൊലീസ് പറയുന്നത്.
നരബലിയിൽ അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയവേയാണ് താൻ ഇത്രയും കാലം പ്രണയിച്ച 'ശ്രീദേവി' തന്‍റെയൊപ്പമുണ്ടായിരുന്ന ഷാഫി തന്നെയാണെന്ന കാര്യം ഭഗവൽസിങ് അറിയുന്നത്. പൊലീസുകാരാണ് ചോദ്യംചെയ്യലിനിടെ ഇക്കാര്യം അറിയിച്ചത്. 'തന്നെ വഞ്ചിച്ചല്ലോ' എന്നായിരുന്നു ഭഗവൽസിങ്ങിന്‍റെ പ്രതികരണമെന്ന് പൊലീസ് പറയുന്നു.
ഷാഫി 'ശ്രീദേവി' പ്രൊഫൈൽ ഉപയോഗിച്ച് മറ്റാരെയെങ്കിലും ഇത്തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്. ശ്രീദേവിയുടെ ചാറ്റുകൾ കണ്ടെടുത്ത് വിശദമായി പരിശോധിക്കുകയാണ്. അതേസമയം, ഷാഫി ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കൃത്യമായി മറുപടികൾ നൽകുന്നില്ലെന്നും പൊലീസ് പറയുന്നു. ഇന്‍റർനെറ്റ് ഉപയോഗം ട്രാക്ക് ചെയ്യുന്ന ടൂളുകൾ ഉപയോഗിച്ച് 'ശ്രീദേവി' എന്ന ഷാഫിയുടെ സമൂഹമാധ്യമ ഉപയോഗങ്ങൾ വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.