ഷാഫി ലൈംഗിക വൈകൃതങ്ങളുടെ അടിമ; ചികിത്സ വേണമെന്ന് പൊലീസ് രണ്ടുവർഷം മുമ്പ് പറഞ്ഞിരുന്നു
text_fieldsഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് ലൈംഗിക വൈകൃതത്തിന് ചികിത്സ നൽകണമെന്ന് 2020ൽ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നതായി വിവരം. കോലഞ്ചേരി പാങ്കോട് 74കാരിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിന്‍റെ അന്വേഷണ റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 50 വയസിന് മുകളിലുള്ള സ്ത്രീകളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കുന്നതെന്നും കേസ് അന്വേഷിച്ച പുത്തൻകുരിശ് എസ്.എച്ച്.ഒയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2020ൽ കോലഞ്ചേരിയിൽ വയോധികയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിന്‍റെ അന്വേഷണത്തിലാണ് മുഖ്യ പ്രതിയായിരുന്ന മുഹമ്മദ് ഷാഫി ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും ഇരയെ പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്നയാളാണെന്നും കേസന്വേഷണത്തിന് നേതൃത്വം നൽകിയ പുത്തൻകുരിശ് എസ്.എച്ച്.ഒ സാജൻ സേവ്യർ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകി. ഷാഫിക്ക് ചികിത്സ അത്യാവശ്യമാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
50 വയസിന് മുകളിലുള്ള സ്ത്രീകളെയാണ് ഇയാൾ ലൈംഗിക വൈകൃതത്തിനും പീഡനത്തിനും ഇരയാക്കിയിരുന്നത്. എന്നാൽ ഇയാളുടെ ഇരകൾ ഭൂരിഭാഗവും ലൈംഗിക തൊഴിലാളികളായിരുന്നു എന്നതിനാൽ ഇതു സംബന്ധിച്ച് പരാതികളും ഉണ്ടായിരുന്നില്ല. പാങ്കോട് വൃദ്ധയെ പീഡിപ്പിച്ച സംഭവത്തിലാണ് ആദ്യമായി പരാതി എത്തിയത്. തുടർന്ന് പൊലീസ് ഇയാളുടെ ഭാര്യയുടെ അടക്കം മൊഴിയെടുത്താണ് ലൈംഗിക വൈകൃതം സ്ഥിരീകരിച്ചത്. എന്നാൽ ഈ കേസിൽ അഞ്ച് മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഷാഫി വീണ്ടും പഴയപടി ആവുകയായിരുന്നു. അതേസമയം, ഇയാൾ വയോധികയെ പീഡിപ്പിച്ചതും ആഭിചാരത്തിന്റെ പേരിലാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇലന്തൂർ സംഭവത്തിലും സമാനതകളില്ലാത്ത കുറ്റകൃത്യങ്ങൾ ചെയ്യാൻ ഷാഫി ദമ്പതികളായ ഭഗൽസിങ്, ലൈല എന്നിവരെ നിർബന്ധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.