‘ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കും ചിന്തയും, ന്യായീകരിക്കാനോ ബാലൻസ് ചെയ്യാനോ ശ്രമിക്കില്ല’ -ഹരിഹരനെതിരെ ഷാഫി പറമ്പിൽ
text_fieldsകണ്ണൂർ: വടകരയിൽ യു.ഡി.എഫ്-ആർ.എം.പി പൊതുയോഗത്തിൽ ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ നടത്തിയ പരാമർശം ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ന്യായീകരിക്കാനോ വേറെ സംഭവങ്ങളെ വെച്ച് ഇതിനെ ബാലൻസ് ചെയ്യാനോ യു.ഡി.എഫോ ആർ.എം.പിയോ ശ്രമിക്കില്ലെന്നും ഇക്കാര്യത്തിൽ എല്ലാവരും നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
‘പൊതുപ്രസംഗത്തിലോ സ്വകാര്യ സംഭാഷണത്തിലോ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്. എവിടെയും ഉപയോഗിക്കാൻ പറ്റാത്ത, ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത വാക്കും ചിന്തയുമാണത്. ഈ വാചകങ്ങളെ ന്യായീകരിക്കാനാവില്ല. വേറെ സംഭവങ്ങളെ വെച്ച് ഇതിനെ ബാലൻസ് ചെയ്യാനും ഞങ്ങൾ ശ്രമിക്കില്ല. ഇത് തെറ്റാണ്. സംഭവിക്കാൻ പാടില്ലാത്തതാണ്. പൊതുവിടത്തിൽ പ്രവർത്തിക്കുന്ന വനിതകളോട് രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്താം. എന്നാൽ, ആരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കോ വാചകമോ പാടില്ല എന്നത് എല്ലാവരും പോളിസിയായി കൊണ്ടുനടക്കണം’ -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘വടകരയിൽ നടന്ന പ്രസ്തുത പരിപാടിയിൽ പ്രതിപക്ഷ നേതാവടക്കം എല്ലാവരും ആഹ്വാനം ചെയ്തത് വടകരയിലെ ജനങ്ങൾ ഒന്നിച്ച് മുന്നോട്ട് നീങ്ങണമെന്നാണ്. ഞങ്ങൾക്കെതിരെ മുമ്പ് അവിടെ നടത്തിയ മോശം പരാമർശങ്ങൾക്കും വ്യക്തിഹത്യക്കും ആരും അതേരീതിയിൽ മറുപടി പറഞ്ഞിട്ടില്ല. ഹരിഹരന്റെ പരാമർശം സംബന്ധിച്ച് പരിപാടി കഴിഞ്ഞ ഉടൻ ആർ.എം.പി നേതാക്കളോട് പറയുകയും ഉടൻ തന്നെ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ പാർട്ടി നേതൃത്വവും ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള പല അനുഭവങ്ങൾ നേരിടേണ്ടിവന്ന ആർ.എം.പി നേതാവ് കെ.കെ. രമ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും ഇത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് തുറന്നു പറഞ്ഞു. പൊതുപ്രസംഗത്തിൽ മാത്രമല്ല, സ്വകാര്യ സംഭാഷണത്തിൽ പോലും ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ല’ -ഷാഫി പറമ്പിൽ പറഞ്ഞു.
‘സി.പി.എം വർഗീയതക്കെതിരെ നാടൊരുമിക്കുക..’ എന്ന വിഷയത്തിൽ യു.ഡി.എഫ് -ആർ.എം.പി ജനകീയ കാമ്പയിനിന്റെ ഭാഗമായി ഇന്നലെ വടകരയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. കെ.കെ. ശൈലജ ടീച്ചറുടെയും സിനിമാതാരം മഞ്ജു വാര്യരുടെയും പേര് പരാമർശിച്ചായിരുന്നു പ്രസംഗം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഷാഫി പറമ്പിലുമടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിൽ വെച്ചായിരുന്നു വിവാദ പരാമർശം.
ഈ പരാമർശം വ്യക്തിപരമായും ആർ.എം.പി എന്ന നിലയിലും തള്ളിക്കളയുന്നതായി ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ പറഞ്ഞു. ‘ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണിത്. തെറ്റ് മനസ്സിലാക്കി ഹരിഹരന്‍ മാപ്പുപറഞ്ഞ സ്ഥിതിക്ക് വിവാദത്തിന് പ്രസക്തിയില്ല’ -കെ.കെ. രമ പറഞ്ഞു. വിഷയം വിവാദമായതോടെ കെ.എസ്. ഹരിഹരൻ ഇന്നലെ രാത്രി തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.