ടി.പി. കേസ് പ്രതികൾക്ക് ഇളവിനായി ശിപാർശ ചെയ്യാൻ ജയിൽ സൂപ്രണ്ട് അളിയനല്ലല്ലോ -ഷാഫി പറമ്പിൽ
text_fieldsകോഴിക്കോട്: ടി.പി. കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വടകര എം.പി ഷാഫി പറമ്പിൽ. 20 വർഷത്തേക്ക് പ്രതികൾക്ക് ഒരു ഇളവും നൽകരുതെന്ന് ഹൈകോടതി വിധിയുടെ 155-ാം പേജിൽ പറയുന്നുണ്ടെന്ന് ഷാഫി ചൂണ്ടിക്കാട്ടി.
ഇക്കാര്യം അറിഞ്ഞിട്ടും 56 പേർക്ക് ശിക്ഷാ ഇളവ് കൊടുക്കാനുള്ള പട്ടികയിൽ ടി.പി കേസിലെ മൂന്നു പ്രതികൾ നുഴഞ്ഞു കയറുന്നു. പട്ടിക ജയിൽ സൂപ്രണ്ട് കൊടുത്തതാണെന്ന് പറയുന്നു. ടി.പി. കേസിലെ പ്രതികൾ സുപ്രണ്ടിന്‍റെ അളിയനൊന്നും അല്ലല്ലോ പ്രത്യേക താൽപര്യം കാണിക്കാനെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സൂപ്രണ്ട് പട്ടിക നൽകണമെങ്കിൽ അതിന് പിന്നിൽ രാഷ്ട്രീയ ഡയറക്ഷനുണ്ട്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തര വകുപ്പും അറിയാതെ ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനായി സൂപ്രണ്ട് എഴുതി നൽകുമെന്ന് കേരളം വിശ്വസിക്കുമോ എന്നും ഷാഫി ചോദിച്ചു.
ടി.പി. കേസ് പ്രതികളെ സന്തോഷിപ്പിച്ചും സമാധാനപ്പെടുത്തിയും നിർത്തേണ്ടത് ഉന്നത പദവിയിലുള്ള പാർട്ടി നേതാക്കൾക്കും സർക്കാറിനും അനിവാര്യതയാണ്. അല്ലെങ്കിൽ ഈ പ്രതികൾ എന്തെങ്കിലുമൊക്കേ വിളിച്ചു പറയും. ടി.പിയുടെ കൊലപാതകത്തിലുള്ള പങ്ക് ഇപ്പോഴത്തെ പ്രതികളിൽ നിൽക്കാതെ മുകളിലേക്ക് പോകുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.