മരം ക്ലിഫ് ഹൗസിന്‍റെ മീതെ ചായാൻ തുടങ്ങിയപ്പോഴാണ് അൻവർ വന്ന വഴി മുഖ്യമന്ത്രിക്ക് ഓർമ്മ വരുന്നത് -ഷാഫി പറമ്പിൽ
text_fieldsതിരുവനന്തപുരം: മരം ക്ലിഫ് ഹൗസിന്‍റെ മീതെ ചായാൻ തുടങ്ങിയപ്പോഴാണ് അൻവർ വന്ന വഴി മുഖ്യമന്ത്രിക്ക് ഓർമ്മ വരുന്നതെന്ന് ഷാഫി പറമ്പിൽ എം.പി. രാഹുൽ ഗാന്ധിയെ പറ്റി സംഘ്പരിവാർ മാതൃകയിൽ ഹീനമായ അധിക്ഷേപ വർഷം ചൊരിഞ്ഞപ്പോൾ പി.വി. അൻവറിനെ ഉത്തമനായി കണ്ട മുഖ്യമന്ത്രിക്ക്, വാക്കുകൾ സ്വന്തം തടിയിൽ തട്ടാൻ തുടങ്ങിയെന്നും ഷാഫി പറഞ്ഞു.
'ഇപ്പോഴാണോ മുഖ്യന് അൻവറിന്‍റെ വഴി ഓർമ്മ വരുന്നത് ? രാഹുൽ ഗാന്ധിയെ പറ്റി സംഘ്പരിവാർ മാതൃകയിൽ ഹീനമായ അധിക്ഷേപ വർഷം ചൊരിഞ്ഞപ്പോൾ പി.വി. അൻവറിനെ ഉത്തമനായി കണ്ട മുഖ്യമന്ത്രിക്ക്, വാക്കുകൾ സ്വന്തം തടിയിൽ തട്ടാൻ തുടങ്ങിയപ്പോൾ, മരം ക്ലിഫ് ഹൗസിൻ്റെ മീതെ ചായാൻ തുടങ്ങിയപ്പോഴാണ് അൻവർ വന്ന വഴി ഓർമ്മ വരുന്നത്. ആരെ കൈ വിട്ടാണെങ്കിലും സംഘ്പരിവാർ താൽപര്യങ്ങളെ സംരക്ഷിക്കുന്ന വഴിയിൽ തൻ്റെ യാത്ര പിണറായി വിജയൻ തുടരുകയും ചെയ്യുന്നു' -ഷാഫി പറമ്പിൽ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനുമെതിരെ ഇന്നും അൻവർ രൂക്ഷ വിമർശനം തുടർന്നു. സ്വർണം പൊട്ടിക്കലിൽ പി. ശശിക്കും പങ്കുണ്ടെന്ന് അൻവർ ആരോപിച്ചു. സ്വർണക്കടത്തിലെ പങ്ക് ശശിക്ക് ലഭിക്കുന്നുണ്ടോ എന്ന് അന്വേഷണം നടത്തണം. ശശിയെ മുഖ്യമന്ത്രിക്ക് വലിയ വിശ്വാസമായിരിക്കും. എന്നാൽ തനിക്ക് അദ്ദേഹത്തെ വിശ്വാസമില്ല. ശശിയുടെ അടുത്ത് പോകുന്നത് വ്യക്തിപരമായ കാര്യങ്ങൾക്കല്ല. സ്വർണം പൊട്ടിക്കലിന്റെ പങ്കുപറ്റുന്നത് കൊണ്ടാകും മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നത്. പി. ശശിയുടെ പ്രവർത്തനം ഒരിക്കലും മാതൃകാപരമല്ല. ശശിക്ക് ചില പ്രത്യേക അജണ്ടകളുണ്ട്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് പി. ശശിയാണെന്നും അൻവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.