കാഫിർ സ്ക്രീൻ ഷോട്ടിനെതിരെ വേണ്ടത് ‘റെഡ് എൻകൗണ്ടർ’; സി.പി.എം പ്രവർത്തകർ നേതാക്കളെ തിരുത്തണമെന്ന് ഷാഫി പറമ്പിൽ
text_fieldsവടകര: ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് വടകര മണ്ഡലത്തിലുണ്ടായ കാഫിർ വിവാദത്തിൽ ഹൈകോടതിയിൽ സമർപ്പിച്ച പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ടിനോട് പ്രതികരിച്ച് വടകര എം.പി ഷാഫി പറമ്പിൽ. സത്യം തെളിയുന്നതിൽ സന്തോഷമെന്ന് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.
സ്ക്രീൻ ഷോട്ടിന് പിന്നിൽ അടിമുടി സി.പി.എം പ്രവർത്തകരാണ്. സ്ക്രീൻ ഷോട്ട് ഉപയോഗിച്ച മുഴുവൻ ആളുകളും തെറ്റ് തിരുത്താൻ തയാറാകണം. സ്ക്രീൻ ഷോട്ട് തെറ്റാണെന്ന് തിരിച്ചറിഞ്ഞ വടകരയിലെ ജനങ്ങൾക്ക് നന്ദിയെന്നും ഷാഫി വ്യക്തമാക്കി.
'തെരഞ്ഞെടുപ്പിന്‍റെ പോളിങ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെ പുറത്തിറങ്ങിയ സ്ക്രീൻ ഷോട്ട് വ്യാജമാണെന്ന് യു.ഡി.എഫ് അന്നേ പറഞ്ഞതാണ്. ഓരോ ദിവസം കഴിയുമ്പോഴും അതിന് പിന്നിലെ ആളുകളെ വ്യക്തമാകുകയാണ്. ഈ വിഷയത്തിൽ വടകരയിലെ ജനങ്ങൾക്ക് സംശയവുമുണ്ടെന്ന് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷം അതിന് തെളിവാണ്.
യഥാർഥത്തിൽ ഇതിനെതിരെ വേണ്ടത് റെഡ് എൻകൗണ്ടറാണ്. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുമ്പോൾ, അതറിയാതെ പോകുന്ന സി.പി.എം പ്രവർത്തകൻ നേതൃത്വത്തോടും സ്ക്രീൻ ഷോട്ട് ഉപയോഗിച്ചവരോടും ചോദ്യം ചെയ്യാൻ തയാറാകണം. രാഷ്ട്രീയ നേതാക്കൾ, സ്ഥാനാർഥി ഉൾപ്പെടെയുള്ള പ്രമുഖർ, സാംസ്കാരിക പ്രവർത്തരെന്ന് അവകാശപ്പെടുന്നവർ അടക്കമുള്ളവർ കേരളത്തിലെ പൊതുസമൂഹത്തിന് മുമ്പിൽ തെറ്റ് തിരുത്താൻ തയാറാകണം.' -ഷാഫി പറമ്പിൽ വ്യക്തമാക്കി.
പോരാളിമാരുടെ പേരുവിവരങ്ങൾ പുറത്തുവരുന്നത് നല്ല ലക്ഷണമായി കാണുന്നു. പോരാളിമാർ സി.പി.എമ്മിനെ തകർക്കാനുള്ള ആളുകളായി പലരും ചിത്രീകരിക്കുന്നുണ്ട്. പാർട്ടിയെ തകർക്കുന്നവർ പുറത്തിറക്കുന്ന സ്ക്രീൻഷോട്ടുകൾ തെരഞ്ഞെടുപ്പ് സമയത്ത് ആവശ്യാനുസരണം എതിർ സ്ഥാനാർഥിയെ തോൽപിക്കാനും വർഗീയ പ്രചരണം നടത്താനും ഉപയോഗിക്കാൻ ശ്രമിച്ചവരാണ് ആദ്യം തിരുത്തേണ്ടത്. അടിമുടി സി.പി.എം പ്രവർത്തകരാണെന്ന വിവരമാണ് പുറത്തുവരുന്നത്.
വ്യാജ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിച്ചവരെ സാക്ഷിയാക്കുകയാണ് പൊലീസ് ചെയ്തത്. എന്തുകൊണ്ട് പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യുന്നില്ല. അതിനെതിരെ നിയമപരമായി മുന്നോട്ടു പോകും. സ്ക്രീൻഷോട്ട് വ്യാജമാണെന്ന് തെളിഞ്ഞിട്ടും വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കും പത്രസമ്മേളനം നടത്തി ആരോപണം ഉന്നയിച്ചവർക്കും എതിരെ കേസെടുക്കുന്നില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
വടകര ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പുകാലത്ത് പ്രചരിച്ച ‘കാഫിർ’ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം റെഡ് ബറ്റാലിയൻ, റെഡ് എൻകൗണ്ടേഴ്സ് എന്നീ വാട്സ്ആപ് ഗ്രൂപ്പുകളെന്നാണ് പൊലീസ് റിപ്പോർട്ട്. കേസിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം നൽകിയ ഹരജിയിലാണ് വടകര പൊലീസ് ഇൻസ്പെക്ടർ കേസ് ഡയറി ഹൈകോടതിയിൽ ഹാജരാക്കിയത്. എന്നാൽ, ഫേസ്ബുക്, വാട്സ്ആപ് സന്ദേശങ്ങൾക്ക് തുടക്കമിട്ടത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
അമ്പലമുക്ക് സഖാക്കൾ എന്ന ഫേസ്ബുക് അക്കൗണ്ടുമായി ബന്ധപ്പെട്ട രണ്ട് ഫോൺ നമ്പറുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മനീഷ്, സജീവ് എന്നിവരുടെ പേരിലുള്ളതാണ് ഈ നമ്പറുകൾ. അമ്പലമുക്ക് സഖാക്കൾ എന്ന പേജിന്റെ അഡ്മിനായ മനീഷിന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. റെഡ് ബറ്റാലിയൻ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ നിന്നാണ് മനീഷിന് വിവാദ പോസ്റ്റ് കിട്ടിയതെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു.
അമൽറാം എന്നയാളാണ് റെഡ് ബറ്റാലിയൻ ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്തത്. റെഡ് എൻകൗണ്ടേഴ്സ് എന്ന ഗ്രൂപ്പിൽ നിന്ന് ഇത് കിട്ടിയെന്നാണ് അമൽ റാം പറയുന്നത്. റെഡ് എൻകൗണ്ടേഴ്സിൽ ഇത് പോസ്റ്റ് ചെയ്തത് റിബീഷ് എന്നയാളാണെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ റിബീഷിന്റെ മൊഴി എടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെ നിന്നാണെന്ന് പറയാൻ തയാറായില്ല. പോരാളി ഷാജി എന്ന ഫേസ്ബുക് ഗ്രൂപ്പിൽ വിവാദ പോസ്റ്റ് ഇട്ടത് വഹാബ് എന്നയാളാണ്.
വിവാദ പോസ്റ്റ് കൃത്രിമമായി ഉണ്ടാക്കിയവരെ കണ്ടെത്തണമെങ്കിൽ മെറ്റ കമ്പനി വിവരം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയെ പ്രതി ചേർത്താണ് ഹൈകോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പോസ്റ്റ് കൃത്രിമമായി ഉണ്ടാക്കിയതിന്റെ വിവരങ്ങൾ കൈമാറാത്തതിനും പലകുറി ആവശ്യപ്പെട്ടിട്ടും ആ പോസ്റ്റ് നീക്കം ചെയ്യാത്തതിനുമാണ് മെറ്റയെ മൂന്നാം പ്രതിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.