‘10 പൈസക്ക് ഗുണമില്ലാത്ത പൊലീസ് സംവിധാനം; മുഖ്യമന്ത്രി പഞ്ച് ഡയലോഗ് പറയാതെ പ്രവർത്തിക്കണം’
text_fieldsതലശ്ശേരി: സംസ്ഥാനത്ത് പൊലീസും ആഭ്യന്തര മന്ത്രിയും സമ്പൂർണ പരാജയമാണെന്ന് ഷാഫി പറമ്പിൽ എം.പി. എരഞ്ഞോളിയിൽ ബോംബ് നിർമിച്ചവരെ കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. സമാന സംഭവങ്ങളിലെല്ലാം ഇതേ അവസ്ഥയാണ്. മുഖം നോക്കാതെ നടപടിയെടുക്കാൻ പൊലീസിന് അനുമതി നൽകണമെന്നും ഷാഫി പറഞ്ഞു. എരഞ്ഞോളിയിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.
“ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കേരളത്തിലെ പൊലീസ് സംവിധാനമാണ്. പത്തു പൈസക്ക് ഗുണമില്ലാത്തതു പോലെയാണ് ബോംബ് കേസുകളിൽ കേരളത്തിലെ പൊലീസ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് നിർമാണത്തിനിടക്ക് ബോംബ് പൊട്ടി ആളു മരിക്കുമ്പോഴും അത് ചർച്ച ചെയ്യേണ്ട കാര്യം പോലുമല്ല എന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. ഇപ്പോൾ മറ്റൊരാൾ മരിച്ചിരിക്കുന്നു. ഇതുകൊണ്ടൊക്കെ എന്തു നേട്ടമാണ് ഉള്ളതെന്ന് അവർ ആലോചിക്കണം. ഈ നാട്ടിലെ ജനം ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം. ബോംബ് ഉണ്ടാക്കുന്നവർക്കുള്ള മറുപടി കൂടിയാണിത്.
ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ, നിരുപദ്രവകാരിയായ ഒരു വൃദ്ധന് ബോംബ് പൊട്ടി ജീവൻ നഷ്ടമായിരിക്കുന്നു. മുഖം നോക്കാതെ നടപടിയെടുക്കുമെന്നത്, അസംബ്ലിയിലെ പഞ്ച് ഡയലോഗിനപ്പുറം പ്രാവർത്തികമാക്കണം. പൊലീസിനെ അതിന് അനുവദിക്കണം. പൊലീസിന് കാര്യക്ഷമതയില്ലാഞ്ഞിട്ടല്ല, സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അനുമതി നൽകാഞ്ഞിട്ടാണ്. അതിനുള്ള ഇച്ഛാശക്തി ആഭ്യന്തര വകുപ്പിന്‍റെ തലപ്പത്തിരിക്കുന്ന ആൾക്കോ നേതൃത്വം നൽകുന്ന പാർട്ടിക്കോ ഇല്ല” -ഷാഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.