സജ്നക്ക് പിന്തുണയുമായി യൂത്ത്കോൺഗ്രസ്, രണ്ടായിരത്തിലധികം ബിരിയാണികൾക്ക് ഓർഡർനൽകി
text_fieldsകൊച്ചി: ലോക്ഡൗൺ നീക്കിയതിനുപിന്നാെല റോഡരികിൽ ബിരിയാണി കച്ചവടത്തിനിറങ്ങിയ ട്രാൻസ് യുവതി സജ്ന ഷാജിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ സജ്നയെ സന്ദർശിച്ചാണ് പിന്തുണയറിയിച്ചത്. വഴിയോരത്ത് ബിരിയാണിയും ഊണും വിറ്റ തങ്ങൾക്ക്നേരെ ചിലർ ഉപദ്രവവും ശല്യവുമായി വന്നതോടെ സജ്ന ഫേസ്ബുക് ലൈവിലെത്തി തെൻറ ദുരിതം പങ്കുവെച്ചിരുന്നു.
''ഇന്ന് തൃപ്പൂണിത്തുറ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ബിരിയാണി ഫെസ്റ്റിലേക്കുള്ള രണ്ടായിരത്തിലധികം ഓർഡറുകൾ സജ്നക്ക് നൽകി . അടുത്ത ദിവസം പിറവം നിയോജകമണ്ഡലവും ബിരിയാണി ഫെസ്റ്റ് നടത്തും . ശേഷം ഒരാഴ്ചയിൽ ഒന്നെങ്കിലും എന്ന തോതിൽ 100 മണ്ഡലം കമ്മിറ്റികൾ 100 ഓർഡറുകളെങ്കിലും നൽകും'' -ഷാഫി പറമ്പിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ചിലർ തൊട്ടരികിൽതന്നെ ബിരിയാണി കച്ചവടത്തിനെത്തി സജ്നയുടെ ബിരിയാണിയിൽ പുഴുവുണ്ടെന്ന് ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത് കച്ചവടം മുടക്കിയിരുന്നു. പൊലീസിനെ സമീപിച്ചെങ്കിലും അവരും കൈവിട്ടു. ഇതോടെ ഫേസ്ബുക്ക് ലൈവിലൂടെ സജ്ന സങ്കടക്കെട്ട് തുറന്നുവിടുകയായിരുന്നു.
ലൈവ് വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. സിനിമാതാരങ്ങളും സാമൂഹികപ്രവർത്തകരും ട്രാൻസ് ആക്ടിവിസ്റ്റുകളുമുൾെപ്പടെ നൂറുകണക്കിനാളുകൾ ഒപ്പം നിന്നിരുന്നു. മന്ത്രി കെ.കെ. ശൈലജ, നടൻ ജയസൂര്യ തുടങ്ങിയവർ ഇടപെട്ടു. സജ്നയെ ഫോണിൽ വിളിച്ച് ജയസൂര്യ കട തുടങ്ങാൻ സഹായിക്കാമെന്ന് ഉറപ്പുനൽകി. സർക്കാർ ഇടപെടലിന് പിന്നാലെ എരൂർ സ്വദേശിയായ ഗിരീഷിനെ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സാമൂഹികനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബാ ജോര്‍ജ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവരും വിഷയത്തിലിടപെട്ടതായി മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ, ഇതിനു പിന്നാലെയും കച്ചവടസ്ഥലത്ത് ഉദ്യോഗസ്ഥർ തടയുന്ന രംഗങ്ങളുമായി സജ്ന ലൈവിലെത്തിയിരുന്നു. തുടർന്ന്, മന്ത്രി ജില്ല കലക്ടറെ വിളിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകി. അക്രമത്തിൽ യുവജനകമീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.