മോദിയും പിണറായിയും തമ്മിലുള്ള വ്യത്യാസം കോട്ടും താടിയും ഹിന്ദിയും മാത്രം -ഷാഫി പറമ്പിൽ
text_fieldsതിരുവനന്തപുരം: ലക്ഷണമൊത്തൊരു ഏകാധിപതിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനത്തിന് ശേഷം വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമോ ചര്‍ച്ചയ്ക്കുള്ള അവസരമോ മുഖ്യമന്ത്രി നൽകുന്നില്ലെന്നും കര്‍ഷകരെ നേരിടുന്ന മോദിയും സമരക്കാരെ നേരിടുന്ന പിണറായിയും തമ്മിലുള്ള വ്യത്യാസം കോട്ടും താടിയും ഹിന്ദിയും മാത്രമാണെന്നും ഷാഫി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെ എത്തിയ ഒന്നും രണ്ടും വാഹനത്തില്‍ നിന്നിറങ്ങിയവരാണ് യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതല്ലാതെ വാഹനത്തില്‍ നിന്നും ഇറങ്ങി ചുറ്റും നില്‍ക്കുന്നവരെ നേരിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല. മുഖ്യമന്ത്രി കടന്നു പോയ ശേഷം ആര്‍.എസ്.എസുകാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ദണ്ഡ് ഉപയോഗിച്ചാണ് ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയ്ക്കടിച്ചത്. കോടതി ഇടപെട്ട് കേസ് എടുക്കാന്‍ പറഞ്ഞിട്ടും ഈ പൊലീസ് ക്രിമിനലുകള്‍ ഹാജരാകാത്തത് മുഖ്യമന്ത്രിയുടെ സംരക്ഷണയിലാണ്. പൊലീസിലെ ഗുണ്ടകളുടെ ദൈവമാണ് പിണറായി വിജയനെന്നും ഷാഫി കുറ്റപ്പെടുത്തി.
കൊലപാതക ശ്രമമെന്ന് എഫ്.ഐ.ആറില്‍ പറയുന്ന സംഭവത്തെയാണ് ജീവന്‍രക്ഷാ ദൗത്യമെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചത്. അന്യന്റെ വേദന കണ്ട് ആസ്വദിക്കുന്ന സാഡിസ്റ്റ് മനോഭാവമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ സ്റ്റേഷനിനുള്ളിലിട്ട് മര്‍ദ്ദിച്ച സമ്പത്ത് എന്ന എസ്.ഐക്കെതിരെ ആറ് വര്‍ഷത്തിന് ശേഷമാണ് കേസെടുക്കാന്‍ തയാറായത്. ക്രൂരനായ ഈ പൊലീസുകാരന്‍ ഇപ്പോഴും സര്‍വീസിലുണ്ട്. പൊലീസിലെ മുഴുവന്‍ രക്ഷാധികാരിയും മുഖ്യമന്ത്രിയാണ്. പിണറായി ഗുഡ് സര്‍വീസ് എന്‍ട്രി കൊടുത്ത പൊലീസുകാരാകണം ഇനി അധികാരത്തില്‍ വരുന്ന സര്‍ക്കാരിന്റ ബ്ലാക്ക് ലിസ്റ്റില്‍ ഉണ്ടാകേണ്ടത്. ക്രിമിലുകള്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയ പിണറായി വിജയന് കേരളം ഒരു ബാഡ് സര്‍വീസ് എക്‌സിറ്റ് കരുതി വച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ എം.എൽ.എ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.