വ്യക്തിഹത്യ നേരിട്ടത് ഞാൻ, ഇനി എൽ.ഡി.എഫ് കൂടെ നിൽക്കുമോ? -ഷാഫി പറമ്പിൽ
text_fieldsവടകര: അശ്ലീല വിഡിയോയുടെ നിർമാണം എൽ.ഡി.എഫ് സ്ഥാനാർഥിതന്നെ നിഷേധിച്ച സ്ഥിതിക്ക് ഇത്രയും ദിവസം ആർക്കുനേരെയാണ് രൂക്ഷമായ വ്യക്തിഹത്യയുണ്ടായതെന്ന് സി.പി.എമ്മും സ്ഥാനാർഥിയും തുറന്നുപറയണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. കുറ്റ്യാടി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഡിയോയുടെ പേരുപറഞ്ഞ് തനിക്കും കൂടെയുള്ളവർക്കും നേരെ രൂക്ഷമായ ആക്രമണമാണ് സമൂഹ മാധ്യമങ്ങളിലും പൊതുഇടങ്ങളിലും ഉണ്ടായത്. ഇപ്പോൾ സ്ഥാനാർഥിതന്നെ പറയുന്നു, ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന്.
അങ്ങനെയെങ്കിൽ ഇത്രയും ദിവസങ്ങൾ ഞങ്ങൾക്കെതിരെ പോസ്റ്റിട്ടവരും പ്രസ്താവനകൾ എഴുതിയവരും തിരുത്താൻ തയാറാവുമോ? സ്ഥാനാർഥി ഉൾപ്പെടെ ഖേദം പ്രകടിപ്പിക്കാൻ തയാറാകുമോ? -ഷാഫി ചോദിച്ചു.
വ്യക്തിഹത്യ മറ്റുള്ളവർക്കെതിരെയാകാം, തനിക്കെതിരെ മാത്രം പാടില്ല എന്ന നിലപാട് ഒരു പൊതുപ്രവർത്തകക്ക് സ്വീകരിക്കാൻ കഴിയുമോ? കെ.കെ. രമക്കും രമ്യ ഹരിദാസിനും എതിരെയുണ്ടായ അസഭ്യവർഷങ്ങൾ തെളിവുകളോടെയാണ് ഉന്നയിച്ചത്. സ്ക്രീൻഷോട്ട് ഉൾപ്പെടെ വെച്ചാണ് കെ.കെ. രമ പരാതി നൽകിയത്. മുൻ എം.എൽ.എയുടെ മകന്റെ ഉൾപ്പെടെ അസഭ്യത്തിന്റെ സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുന്നു. കെ.കെ. രമ നടത്തിയ വാർത്തസമ്മേളനം പലരൂപത്തിൽ വികൃതമാക്കി എനിക്കും കൂടെയുള്ളവർക്കും നേരെ പുതിയ വിഡിയോ ഇറക്കിയിരിക്കുന്നു. ഇവക്കെല്ലാമെതിരെ നടപടി സ്വീകരിക്കാൻ എൽ.ഡി.എഫ് സ്ഥാനാർഥി കൂടെ നിൽക്കുമോ? എന്തുകൊണ്ടാണ് ഇവയെ ഒന്നും തള്ളിപ്പറയാൻ സ്ഥാനാർഥിയോ എൽ.ഡി.എഫോ തയാറാകാത്തത്? എല്ലാവരോടും കരുതലും ചേർത്തുനിർത്തലും എന്നൊക്കെയാണ് പുറത്തുപറയുന്നതെങ്കിൽ ആ കരുതൽ തന്നോടുമാത്രമാണ് എന്നു പറയാതെ പറയുകയല്ലേ സ്ഥാനാർഥിയെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.