'ഷാഫിയാണ് രാഹുലിന്‍റെ പേര് പറഞ്ഞത്, അതിലെന്താണ് തെറ്റ്'; തുറന്നടിച്ച് കെ. സുധാകരൻ
text_fieldsപാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കെ.മുരളീധരനെ യു.ഡി.എഫ് സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി കോൺഗ്രസ് നേതൃത്വത്തിന് നൽകിയെന്ന് പറയുന്ന കത്തിൽ ഒരു അസ്വാഭാവികതയും ഇല്ലെന്ന് സുധാകരൻ വ്യക്തമാക്കി. എന്നാൽ, കത്ത് പുറത്ത് പോയത് കെ.പി.സി.സി ഓഫീസിൽ നിന്നാണോ എന്ന് അന്വേഷിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് സ്ഥാനാർഥിയാകാൻ പലപേരും ഉയർന്ന് വന്നതാണ്. അതെല്ലാം കെ.പി.സി.സി ചർച്ച ചെയ്തിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് നിർദേശിച്ചത് ഷാഫി പറമ്പിൽ എം.പിയാണ്. അതിലെന്താണ് തെറ്റെന്നും സുധാകരൻ ചോദിച്ചു.
കെ. മുരളീധരന്റെ പേരിനേക്കാൾ ഉയർന്ന് വന്നത് രാഹുലിന്റെ പേരാണ്. കെ.പി.സി.സിയുടെ കമ്മിറ്റിയാണ് സ്ഥാനാർഥി നിർണയത്തിന്റെ അതോറിറ്റി. അവിടെ ചർച്ചക്ക് വന്നാൽ വിജയ സാധ്യതയും സ്വീകാര്യതയും പരിശോധിച്ചാണ് സ്ഥാനാർഥികളെ നിശ്ചയിക്കുകയെന്നും സുധാകരൻ വ്യക്തമാക്കി.
ജനാധിപത്യ സംവിധാനമുള്ള കോൺഗ്രസ് പോലുള്ള പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്ത കാഴ്ചപാടുകളും ഉണ്ടാകും. അതെല്ലാം കണക്കിലെടുത്ത് ഗുണവും ദോഷവും വിലയിരുത്തി ഒരു തീരുമാനമെടുത്താൽ അതിനൊപ്പം നിൽക്കുന്നതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ മെറിറ്റ്. ഏറെ ജനാധിപത്യമുള്ള പാർട്ടിയാണ് കോൺഗ്രസ് എന്നും കെ.പി.സി.സി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.