ഷാഫിയുടെ സ്ഥാനാർഥിത്വം: ആശങ്കയോടെ പാലക്കാട് കോൺഗ്രസ്
text_fieldsപാലക്കാട്: വടകര ലോക്സഭ മണ്ഡലത്തിൽ ഷാഫി പറമ്പിൽ എം.എൽ.എയുടെ സസ്പെൻസ് സ്ഥാനാർഥിത്വത്തിൽ പാലക്കാട് കോൺഗ്രസിൽ ആശങ്ക. ബി.ജെ.പിയോട് ഇഞ്ചോടിഞ്ച് പോരാടി പാലക്കാട് നിയമസഭ മണ്ഡലത്തിൽ കഷ്ടിച്ച് വിജയം കരസ്ഥമാക്കിയ ഷാഫി പറമ്പിൽ, വടകരയിൽ വിജയിച്ചാലുണ്ടാവുന്ന ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന് വൻ വെല്ലുവിളിയാണ് ഉയർത്തുക. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണി തുടങ്ങി ഏറെ നേരം ലീഡ് നിലനിർത്തിയ ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരന് വിജയിക്കുമെന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പിച്ചിരുന്നു. ഒടുവിൽ 3859 വോട്ടുകൾക്കായിരുന്നു ഷാഫിയുടെ വിജയം.
നേമത്ത് പൂട്ടിയ അക്കൗണ്ട് പാലക്കാട്ട് തുറക്കാന്‍ ബി.ജെ.പിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന പരാമര്‍ശവുമായി മന്ത്രി എം.ബി. രാജേഷ് രംഗത്തെത്തി. വടകര ലോക്സഭ മണ്ഡലത്തിലെ പിന്തുണക്ക് പകരം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് വന്നാൽ ബി.ജെ.പിയെ സഹായിക്കാം എന്ന പാക്കേജ് നടപ്പാക്കുകയാണ് കോൺഗ്രസ്.
ബി.ജെ.പിക്ക് വടകര പാർലമെന്റ് സീറ്റിൽ ഒരു സാധ്യതയുമില്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ, പാലക്കാട് നിയമസഭ സീറ്റിൽ അങ്ങനെയല്ല.- എം.ബി. രാജേഷ് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ഇത്തരം പ്രചാരണങ്ങൾ പാലക്കാട്ടെ കോൺഗ്രസിലുണ്ടാക്കുന്ന സമ്മർദം ചെറുതല്ല. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എല്‍.എ കെ.കെ. ദിവാകരനെ 7403 വോട്ടുകള്‍ക്കും 2016ൽ ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രനെ 17483 വോട്ടുകൾക്കുമാണ് ഷാഫി പറമ്പിൽ പരാജയപ്പെടുത്തിയത്. 2021ൽ ഷാഫി 54079 വോട്ടും ഇ. ശ്രീധരൻ 50220 വോട്ടുമാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.