ഷഹബാസ് വധം: ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍
text_fieldsകോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാര്‍ഥി സംഘട്ടനത്തില്‍ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റിൽ.
പത്താം ക്ലാസുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി. ചൊവ്വാഴ്ച രാവിലെയാണ് ഈ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥി സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ വിശദമായി ചോദ്യംചെയ്യും.വിദ്യാർഥികൾ അല്ലാത്തവർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന പിതാവിന്റെ ആരോപണത്തിലും പൊലീസ് കൂടുതൽ അന്വേഷണം നടത്തും. തിങ്കളാഴ്ച ഏഴ് വിദ്യാര്‍ഥികളെക്കൂടി പൊലീസ് ചോദ്യംചെയ്തിരുന്നു. അക്രമസമയത്ത് പരിസരത്ത് ഉണ്ടായിരുന്നെന്ന് സംശയിക്കുന്ന രണ്ട് സ്‌കൂളുകളിലെയും ട്യൂഷന്‍ സെന്ററിലെയും വിദ്യാര്‍ഥികളെയാണ് ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയത്.
ഇതിനു പിന്നാലെയാണ് അറസ്റ്റ്. മുഖ്യ കുറ്റാരോപിതന്റെ വീട്ടിൽ വീണ്ടും പൊലീസ് പരിശോധന നടത്തിയിരുന്നു. രക്ഷിതാവിനെതിരെയും അന്വേഷണം തുടങ്ങി. ആവശ്യമെങ്കിൽ ഇദ്ദേഹത്തെയും കേസിൽ പ്രതിചേർത്തേക്കും. പുറത്തുനിന്നുള്ള മുതിര്‍ന്നവരുടെയോ കുറ്റാരോപിതരുടെ രക്ഷിതാക്കളുടെയോ സാന്നിധ്യവും ഇടപെടലും അക്രമസംഭവത്തിൽ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് വിദ്യാര്‍ഥികളില്‍നിന്ന് പൊലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്.
വരുംദിവസങ്ങളിലും കൂടുതല്‍പേരെ ചോദ്യംചെയ്യാനാണ് തീരുമാനമെന്ന് താമരശ്ശേരി ഡിവൈ.എസ്.പി കെ. സുഷീര്‍ പറഞ്ഞു. പിടിയിലായ മുഖ്യ കുറ്റാരോപിതന്റെ രക്ഷിതാവിന്റെ ക്രിമിനല്‍ പശ്ചാത്തലങ്ങളും അക്രമവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളുമാണ് പൊലീസ് അന്വേഷിക്കുന്നത്. ഈ രക്ഷിതാവിനെതിരെ താമരശ്ശേരി പൊലീസില്‍ ഒരു കേസ് നിലവിലുണ്ട്. മറ്റു പൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. ഈ രക്ഷിതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതി ടി.കെ. രജീഷിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നതോടെയാണ് ഈ നിലക്കുമുള്ള അന്വേഷണം.
ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൃത്യമായ ആസൂത്രണം നടന്നതായാണ് മനസ്സിലാക്കുന്നതെന്നും കുട്ടികളെന്ന തരത്തിലായിരുന്നില്ല മർദിച്ചവരുടെ ചിന്തയെന്നും ജില്ല റൂറൽ പൊലീസ് മേധാവി കെ.ഇ. ബൈജു പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.