‘എന്‍റെ കുഞ്ഞ് ആറടി മണ്ണിൽ കിടക്കുമ്പോൾ പ്രതികൾ സുഖമായി പരീക്ഷ എഴുതുന്നു’; ഷഹബാസിന്‍റെ പിതാവ്
text_fieldsതാമരശ്ശേരി: ഷഹബാസ് കൊലപാതക കേസ് പ്രതികളെ പരീക്ഷ എഴുതിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി പിതാവ് ഇഖ്ബാൽ. ക്രിമിനലുകളെ പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇഖ്ബാൽ മാധ്യമങ്ങളോട് പറഞ്ഞു.
തന്‍റെ കുഞ്ഞ് ആറടി മണ്ണിൽ കിടക്കുമ്പോഴാണ് പ്രതികൾ സുഖമായി പരീക്ഷ എഴുതുന്നത്. തന്‍റെ മകനും അണിഞ്ഞൊരുകി പരീക്ഷക്ക് പോകേണ്ടതായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷക്ക് കോപ്പിയടിച്ചാൽ മാറ്റിനിർത്താറുണ്ട്. കൊലപാതകികൾക്ക് പരീക്ഷ എഴുതാൻ സൗകര്യം ചെയ്ത് നൽകുന്നതിൽ വിഷമമുണ്ട്.
പരീക്ഷ എഴുതുന്നതിൽ നിന്ന് ഇത്തവണ മാറ്റിനിർത്തി അടുത്ത വർഷം അവസരം നൽകേണ്ടതാണ്. അങ്ങനെ ചെയ്താൽ അക്രമം നടത്തുന്ന കുട്ടികൾക്ക് ഒരു മുന്നറിയിപ്പ് കൂടിയാകും. അല്ലെങ്കിൽ എന്ത് ചെയ്താലും നീതിപീഠവും സർക്കാരും ഒപ്പമുണ്ടാകുമെന്ന തോന്നൽ കുട്ടികൾക്ക് ഉണ്ടാകും.
ഇന്ന് പത്താം ക്ലാസുകാരായവർ ഡിഗ്രിക്ക് എത്തുമ്പോൾ, ഇപ്പോൾ ചെറിയ ആയുധങ്ങൾ ഉപയോഗിക്കുന്നവർ തോക്ക് ഉപയോഗിച്ച് സഹപാഠികളെ വെടിവെക്കില്ലെന്ന് ആർക്കെങ്കിലും ഉറപ്പുണ്ടോ എന്നും ഇഖ്ബാൽ ചോദിച്ചു. നീതിപീഠത്തിൽ പൂർണ വിശ്വാസമുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും കേസ് തേച്ചുമായ്ച്ച് കളയാൻ സാധ്യതയുണ്ടെന്നും ഇഖ്ബാൽ കൂട്ടിച്ചേർത്തു.
അതേസമയം, ഷഹബാസ് കൊലപാതക കേസ് പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോം സ്ഥിതി ചെയ്യുന്ന ജെൻഡർ പാർക്കിന് മുമ്പിൽ വിദ്യാർഥി, യുവജന സംഘടനകളുടെ പ്രതിഷേധം നടന്നു.
രാവിലെ പ്രതിഷേധിച്ച കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം കണക്കിലെടുത്ത് ജെൻഡർ പാർക്കിന് മുമ്പിൽ വൻ പൊലീസ് സന്നാഹമുണ്ട്.
കേസിലെ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷ ഒബ്‌സര്‍വേഷന്‍ ഹോമിൽ തന്നെ നടക്കും. പരീക്ഷക്കുള്ള ചോദ്യപേപ്പർ ജുവനൈൽ ഹോമിൽ എത്തിച്ചു. കൂടാതെ, കോഴിക്കോട് ഡി.ഇ.ഒ അബ്ദുൽ അസീസും ജുവനൈൽ ഹോമിൽ എത്തിയിട്ടുണ്ട്.
താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിലാണ് പത്താം ക്ലാസുകാരൻ എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ടത്. ഷഹബാസിനെ മർദിച്ച അഞ്ചു വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയ വിദ്യാർഥികൾ വെള്ളിമാട്കുന്നിലെ ഒബ്സർവേഷൻ ഹോമിലാണ് കഴിയുന്നത്.
കട്ടിയേറിയ ആയുധം കൊണ്ടുള്ള അടിയിൽ ഷഹബാസിന്‍റെ തലയോട്ടി തകർന്നിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. വലതു ചെവിക്ക് മുകളിലായാണ് തലയോട്ടിയിൽ പൊട്ടലുണ്ടായത്. നെഞ്ചക്ക് ആയിരിക്കാം ആക്രമിക്കാൻ ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം.
അതേസമയം, കേസിലെ പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടി.പി വധക്കേസ് പ്രതി ടി.കെ.രജീഷിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തായത്. ഇയാളുടെ വീട്ടിൽ നിന്നാണ് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ചിരുന്ന നെഞ്ചക്കും പൊലീസ് കണ്ടെടുത്തത്. മകന്റെ കൈവശം നെഞ്ചക്ക് കൊടുത്തുവിട്ടത് ഇയാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.