ഷഹബാസിന്റെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ -കോഴിക്കോട് റൂറല്‍ എസ്.പി
text_fieldsകോഴിക്കോട്: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് കോഴിക്കോട് റൂറൽ എസ്.പി കെ.ഇ. ബൈജു. പ്രതികളായ കുട്ടികളില്‍ ഒരാളുടെ പിതാവിന് ക്രിമിനല്‍ പശ്ചാത്തലമുള്ള കാര്യവും റൂറല്‍ എസ്.പി സ്ഥിരീകരിച്ചു.
വിദ്യാർഥികൾ ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ വീടുകളിൽ പരിശോധന നടത്തിയെന്ന് എസ്.പി പറഞ്ഞു. വിദ്യാർഥികളുടെ മൊബൈൽ ഫോൺ, വാട്സാപ്പ് ഗ്രൂപ്പുകൾ, ഇൻസ്റ്റഗ്രാം തുടങ്ങിയവ കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമം തുടരുകയാണ്. മൊബൈൽ ഫോൺ റിക്കവർ ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഉപയോഗിച്ച ആയുധം കണ്ടെത്താനും കഴിഞ്ഞു -എസ്.പി പറഞ്ഞു.
അക്രമത്തിൽ മുതിർന്നവർക്ക് പങ്കുള്ളതായി ആരോപിക്കപ്പെടുന്നുണ്ടെങ്കിലും അങ്ങനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണ്. കുട്ടികളുടെ രക്ഷിതാക്കളിലൊരാൾ ക്രിമിനിൽ കേസുകളുടെ പശ്ചാത്തലമുള്ളയാളാണ്. അക്രമസമയത്ത് രക്ഷിതാക്കൾ ആരെങ്കിലും പരിസരത്ത് ഉണ്ടായിരുന്നോ എന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
വാട്സാപ്പ് ഗ്രൂപ്പിലെ വിദ്യാർഥികളുടെ സംഭാഷണങ്ങൾ ഉൾപ്പെടെ സൂചിപ്പിക്കുന്നത് ആസൂത്രണത്തോടെയുള്ള അക്രമമെന്നാണ്. അക്രമത്തിന് ശേഷമുണ്ടായ കുട്ടികളുടെ പ്രതികരണവും അത്തരത്തിലാണ്. കുട്ടികളുടെ മനോനില പരിശോധിക്കപ്പെടേണ്ടതാണ് -റൂറൽ എസ്.പി കെ.ഇ. ബൈജു പറഞ്ഞു.
താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ ഫെബ്രുവരി 23ന് ഞായറാഴ്ച വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിലാണ് പത്താം ക്ലാസുകാരൻ എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസിന് (15) സാരമായി പരിക്കേറ്റതും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 28ന് രാത്രിയോടെ മരിച്ചതും. ഷഹബാസിനെ മർദിച്ച അഞ്ചു വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയ വിദ്യാർഥികൾ വെള്ളിമാട്കുന്നിലെ ഒബ്സർവേഷൻ ഹോമിലാണ് കഴിയുന്നത്.
അതേസമയം, പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വിദ്യാർഥി, യുവജന സംഘടനകളുടെ പ്രതിഷേധം നടക്കുകയാണ്. ഇന്ന് രാവിലെ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോം സ്ഥിതി ചെയ്യുന്ന ജെൻഡർ പാർക്കിന് മുമ്പിലാണ് കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം കണക്കിലെടുത്ത് ജെൻഡർ പാർക്കിന് മുമ്പിൽ വൻ പൊലീസ് സന്നാഹമുണ്ട്.
കേസിൽ പിടിയിലായ അഞ്ചുവിദ്യാർഥികളുടെ വീടുകളില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഒരാളുടെ വീട്ടിൽനിന്ന് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന നെഞ്ചക്ക് കണ്ടെടുത്തു. ഇവരുടെ വീടുകളിൽനിന്ന് നാല് ഫോണുകളും ഒരുലാപ്ടോപ്പും പിടിച്ചെടുത്തു. കേസിലെ പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ടി.പി വധക്കേസ് പ്രതി ടി.കെ. രജീഷിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തായത്. ഇയാളുടെ വീട്ടിൽനിന്നാണ് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ചിരുന്ന നെഞ്ചക്കും പൊലീസ് കണ്ടെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.