ശഹീദ് വാരിയൻകുന്നനെ രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കിയതിനെതിരെ പ്രതിഷേധമറിയിച്ച് മുസ്‌ലിം ലീഗ്
text_fieldsന്യുഡൽഹി: 1921 മലബാർ സമരത്തിലെ അനശ്വര പോരാളി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കിയ സർക്കാർ നടപടിയിൽ പ്രധാനമന്ത്രിയെ പ്രതിഷേധമറിയിച്ച് മുസ്‌ലിം ലീഗ് എംപിമാർ. സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് ലീഗ് എം.പിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ചരിത്രം തിരുത്തരുതന്നും കൊളോണിയൽ വിരുദ്ധ സമരങ്ങളിലെ ജ്വലിക്കുന്ന ഓർമ്മയാണ് മലബാർ സമരമെന്നും എം.പിമാർ കത്തിൽ ചൂണ്ടിക്കാട്ടി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൂടാതെ ആലി മുസ്ലിയാർ, പുന്നപ്ര വയലാർ സമര നായകർ, വാഗൺ ട്രാജഡിയിൽ കൊല്ലപ്പെട്ടവർ തുടങ്ങി സ്വാതന്ത്രസമര പോരാളികളെ പട്ടികയിൽ ഉൾപ്പെടുത്താത്ത നടപടി പുനഃപരിശോധിക്കണമെന്നും തെറ്റുതിരുത്തണമെന്നും എം.പിമാർ കത്തിൽ ആവശ്യപ്പെട്ടു.
ചില വ്യക്തികളുടെ രാഷ്ട്രീയ പ്രേരിതമായ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചത് അസംബന്ധമാണ്. മതസൗഹാർദ്ദം തകർക്കാനുള്ള ഇത്തരം നീക്കങ്ങളിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപട്ട് സൗഹൃദ സാഹചര്യം ഉറപ്പാക്കണമെന്നും കത്തിൽ അവർ ചൂണ്ടിക്കാട്ടി. എം.പിമാരായ പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൾ വഹാബ്, നവാസ് കനി എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.