ഷാറൂഖ് സെയ്ഫിയുടെ മൂന്നുവർഷത്തെ ചരിത്രം ചികഞ്ഞ് അന്വേഷണം
text_fieldsകോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ അടിവേരുകൾ തേടി അന്വേഷണസംഘം. കഴിഞ്ഞ മൂന്നുവർഷത്തെ ഇയാളുടെ പ്രവർത്തനം, ഇക്കാലയളവിൽ ഏതെങ്കിലും സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചോ, സ്വദേശവും ജോലിസ്ഥലവും വിട്ട് എവിടേക്കെല്ലാം യാത്ര നടത്തി, എന്തെല്ലാം ജോലികൾ ചെയ്തു, ആരുമായെല്ലാം സൗഹൃദമുണ്ട് എന്നിവയെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്.
മാത്രമല്ല, ഇയാളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ, ‘ഷാറൂഖ് സെയ്ഫീസ് കർപെൻട്രി’ യൂ ട്യൂബ് ചാനലിന്റെ ഉള്ളടക്കം എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. ഇയാളുടെ പിതാവ് ഫക്രുദീൻ, മാതാവ്, ഇളയ സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുൾപ്പെടെ എട്ടുപേരിൽനിന്ന് കേരള, ഡൽഹി പൊലീസ് സംഘം വിവരങ്ങൾ ശേഖരിക്കുകയും കേരള പൊലീസ് പ്രതിയുടെ വീട്ടിൽനിന്ന് ഡയറി ഉൾപ്പെടെ കണ്ടെടുക്കുകയും ചെയ്തു.
പ്രതി ഇതുവരെ ആറ് മൊബൈൽ നമ്പറുകൾ ഉപയോഗിച്ചതായാണ് സൈബർ ഡോമിന്റെ ഉൾപ്പെടെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ ലഭിച്ച വിവരം. ഇവയെല്ലാം സ്വിച്ച് ഓഫാണെങ്കിലും ഇതിലൊരു നമ്പർ ഉപയോഗിച്ച മൊബൈൽ ഫോൺ രത്നഗിരിയിൽനിന്ന് കഴിഞ്ഞദിവസം ആക്റ്റീവായത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രതിയുടെ ലൊക്കേഷൻ തിരിച്ചറിഞ്ഞ് മഹാരാഷ്ട്ര എ.ടി.എസ് പിടികൂടിയത്.
ഈ ഫോൺ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിലെയടക്കം കോൾ വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരുകയാണ്. വരുംദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധിപേരെ ചോദ്യം ചെയ്യുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.