ഷൈജക്ക് മനസ്സറിയാം; മണ്ണിന്റെയും മരിച്ചവരുടെയും
text_fieldsമുണ്ടക്കൈ: നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ കുടുംബത്തിലെ പത്തിലധികം പേരെ കാണാതായ വേദനയിലും വിശ്രമമില്ലാതെ മോർച്ചറിയിലെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ഉറ്റവർക്ക് ആശ്രയമാവുകയാണ് ഷൈജ ബേബി. മോർച്ചറിയിലേക്ക് കൊണ്ടുവന്ന മൃതദേഹങ്ങളിൽ നൂറോളം പേരെ തിരിച്ചറിഞ്ഞത് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും കഴിഞ്ഞ പതിനഞ്ച് വർഷമായി മുണ്ടക്കൈയിൽ ആശാവർക്കറുമായ ഷൈജയാണ്.
ദുരന്തഭൂമിയായ മുണ്ടക്കൈയും ചൂരൽമലയും ഷൈജ ബേബിക്ക് വെറും ജന്മനാട് മാത്രമല്ല. ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും താങ്ങും തണലുമായ അത്താണി കൂടിയാണ്. ചൂരൽമലയിലെ ഏതാണ്ട് മുഴുവൻ മനുഷ്യരെയും നന്നായി അറിയാം. അതുകൊണ്ടുതന്നെ ദുരന്തം നടന്ന ആദ്യ മണിക്കൂറുകൾ മുതൽ ഇതുവരെ, ദുരന്തത്തിൽ മരിച്ച ഓരോ മനുഷ്യരെയും തിരിച്ചറിയുന്നതിന് അധികൃതർ സഹായം തേടിയത് ഷൈജയോടാണ്.
രണ്ടുതവണ മലയിടിച്ചിലുകളിൽ നിന്ന് രക്ഷപ്പെട്ട ഷൈജ 2019ലെ ഉരുൾപൊട്ടലിനെ തുടർന്ന് മേപ്പാടിയിലേക്ക് താമസം മാറിയതാണ്. എങ്കിലും നാടും നാട്ടുകാരെയും മറന്നൊരു ജീവിതം ഷൈജക്കില്ലായിരുന്നു. പൊതുപ്രവർത്തകയെന്ന നിലയിൽ നാടിന്റെ മണ്ണും മനസ്സും കവർന്നെടുത്തു. നാടിന്റെ മിടിപ്പറിഞ്ഞ് എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്നതോടെ ചൂരൽമലയിലെ ആബാലവൃദ്ധം ജനങ്ങൾക്കും ഷൈജ സുപരിചിതയായി.
സ്വന്തം മകനെ തിരിച്ചറിയാൻ പറ്റാതായ ഉപ്പക്കും, ബന്ധുക്കളെ തിരിച്ചറിയാതെ പോയ നിരവധിപേർക്കും അടയാളങ്ങൾ പറഞ്ഞുനൽകിയ മണിക്കൂറുകൾ വേദനയോടെയാണ് ഷൈജ ഓർത്തെടുക്കുന്നത്. കുടുംബക്കാരും പരിചയക്കാരുമായ നിരവധി മനുഷ്യർ ഒന്നിനുപിറകെ ഒന്നായി, ചിതറിപ്പോയ ശരീരഭാഗങ്ങളായി മുന്നിൽ എത്തുമ്പോഴും പതറാതെ നിൽക്കാൻ ഷൈജക്ക് ധൈര്യം പകരുന്നത് തന്റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.