ഷാജഹാൻ വധം: നവീൻ കെട്ടിയ രാഖി പൊട്ടിച്ചത് വിരോധത്തിന് കാരണം -പാലക്കാട് എസ്.പി
text_fieldsപാലക്കാട്: രാഖി കെട്ടിയത് ചോദ്യം ചെയ്തതാണ് കൊല്ലപ്പെട്ട സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനും പ്രതി നവീനും തമ്മിൽ വിരോധത്തിന് ഇടയാക്കിയതെന്ന് പാലക്കാട് എസ്.പി ആർ. വിശ്വനാഥ്. 'പ്രതികൾക്ക് ഷാജഹാനോട് വൈര്യാഗം ഉണ്ടായിരുന്നു. കൊലപാതകം നടന് ദിവസം നവീൻ രാഖി കെട്ടിയത് ഷാജഹാൻ ചോദ്യം ചെയ്തു. രാഖി പൊട്ടിച്ചത് വിരോധം കൂട്ടി' -എസ്.പി പറഞ്ഞു.
2019 മുതൽ തന്നെ ഷാജഹാനുമായി പ്രതികൾക്ക് വിരോധമുണ്ട്. ഷാജഹാന്റെ പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് എതിർപ്പുണ്ടായിരുന്നു. പ്രതികൾ പിന്നീട് സിപിഎമ്മുമായി അകന്നു. ഇത് ഷാജഹാൻ ചോദ്യം ചെയ്തു. പ്രതികൾ രാഖി കെട്ടിയതടക്കം ഷാജഹാൻ ചോദ്യം ചെയ്തു. കൊലപാതക ദിവസം ശ്രീകൃഷ്ണ ജയന്തി ഫ്ളക്സ് സ്ഥാപിക്കുന്നതിലും തർക്കം ഉണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത് -അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാൻ ഫോൺ രേഖകൾ പരിശോധിക്കേണ്ടതുണ്ടെന്ന് എസ്.പി വ്യക്തമാക്കി. രാഖികെട്ടൽ, ഗണേഷോത്സവം, ശ്രീകൃഷ്ണ ജയന്തി ഫ്ലെക്സ് ബോർഡ് വയ്ക്കുന്നതിൽ അടക്കം ഷാജഹാനുമായി പ്രതികൾക്ക് പ്രശ്നം ഉണ്ടായി. പക മൂത്ത് പ്രതികൾ അവരുടെ വീട്ടിൽ നിന്ന് വാളുകൾ എടുത്തു കൊണ്ടുവന്ന് ഷാജഹാനെ വെട്ടുകയായിരുന്നു. ശത്രുത വർധിക്കാൻ മറ്റു കാരണങ്ങളുണ്ടോയെന്നും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
നിലവിൽ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നവീൻ, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവർ നാല് പേരും നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണ്. ഇവർക്കു പുറമെ ശിവരാജൻ (25), സിദ്ധാർഥൻ (24), സജീഷ് (35), വിഷ്ണു (25) എന്നിവർ കസ്‌റ്റഡിയിലുണ്ട്. ഒന്നാംപ്രതി ശബരീഷും രണ്ടാം പ്രതി അനീഷുമാണ് ഷാജഹാനെ വെട്ടിയതെന്ന് ഷാജഹാന്റെ സുഹൃത്ത് സുരേഷ് പൊലീസിന് മൊഴി നൽകി. കേസിൽ പ്രതിയായ സുജീഷിന്റെ അച്ഛനാണ് സുരേഷ്. കൊലപാതകത്തിലെ രാഷ്ട്രീയ ബന്ധം പരിശോധിക്കുകയാണെന്ന് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് വ്യക്തമാക്കി. നവീനെ പട്ടാമ്പിയിൽ നിന്നും സിദ്ധാർഥിനെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.