നാടൊന്നാകെ ഒഴുകിയെത്തി; ഷാജഹാന് യാത്രാമൊഴി
text_fieldsപാലക്കാട്: പാലക്കാട് മരുതറോഡില്‍ കൊല്ലപ്പെട്ട സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാന് നാടിന്റെ യാത്രാമൊഴി. ആദരാഞ്ജലിയർപ്പിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
പാർട്ടി ഓഫിസിലെയും വീട്ടിലെയും പൊതുദർശനത്തിന് ശേഷം മൂന്നോടെ വൻ ജനാവലിയുടെ സാനിധ്യത്തിൽ കല്ലേപ്പുള്ളി ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. ജില്ല ആശുപത്രി മോർച്ചറിക്ക് മുമ്പിൽ ഷാജഹാന്റെ ചേതനയറ്റ ശരീരമേറ്റുവാങ്ങാൻ സഹപ്രവർത്തകരും നേതാക്കളുമെത്തി.
തിങ്കളാഴ്ച ഉച്ച 12 ന് പോസ്റ്റുേമാർട്ടത്തിന് ശേഷം സംസ്ഥാന കമ്മിറ്റിയംഗം കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ശശി, പി മമ്മിക്കുട്ടി എംഎൽഎ, വി ചെന്താമരാക്ഷൻ, ടി എം ശശി, പാലക്കാട് ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നേതാക്കൾ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി.
സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലൻ, ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷാൻദാസ്, ജില്ലാ സെക്രട്ടറിയറ്റംഗം എ പ്രഭാകരൻ എംഎൽഎ, പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ്ചന്ദ്രബോസ് എന്നിവർ മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ചു.
തുടർന്ന് കല്ലേപ്പുള്ളിയിലെ സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനായി കൊണ്ടുവന്നു. ഒന്നരയോടെ വിലാപയാത്രയായി കൊട്ടേക്കാട് കുന്നംകാടുള്ള വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം അവസാനനോക്ക് കാണാൻ നിരവധിപേരാണ് എത്തിയത്.
ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആർ.എസ്.എസ് - ബി.ജെ.പി സംഘം തന്നെയാണെന്നും കൊലക്ക് ശേഷം വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരെ അരിഞ്ഞു തള്ളുകയും തുടര്‍ന്ന് നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത് ആർ.എസ്.എസ് - ബി.ജെ.പി പതിവ് ശൈലിയാണ്. പാലക്കാട് ഞായറാഴ്‌ച രാത്രി നടന്ന കൊലപാതകത്തിന്റെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ് -പ്രസ്‌താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.