പി.വി. അൻവർ എം.എൽ.എക്കെതിരെ കോടതിയെ സമീപിച്ച് ഷാജൻ സ്കറിയ
text_fieldsതിരുവനന്തപുരം: പി.വി.അൻവർ എംഎൽഎക്കെതിരെ കോടതിയെ സമീപിച്ച് സ്വകാര്യ യൂട്യൂബ് ചാനൽഉടമ ഷാജൻ സ്കറിയ. കാഞ്ഞിരപ്പള്ളി കോടതിയിലാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്. അൻവറിന്റെ പേര് പരാമർശിച്ചു വാർത്തകൾ സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഭാര്യയെയും മക്കളെയും അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. താൻ സംപ്രേഷണം ചെയ്ത വാർത്തകളുടെ വിഡിയോ മത സ്പർധയുണ്ടാക്കുന്ന തരത്തിൽ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി.
താൻ എ.ഡി.ജി.പി അജിത് കുമാറിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച് അൻവർ പുറത്തുവിട്ട ഓഡിയോ സന്ദേശം വ്യാജമായി നിർമിച്ചതാണെന്നും ഹരജിയിലുണ്ട്. പരാതി പരിഗണിച്ച കോടതി, പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഈ പരാതി നേരത്തെ പൊലീസിൽ നൽകിയിരുന്നു. പൊലീസ് നടപടി എടുക്കുന്നില്ലെന്നാരോപിച്ചാണ് ഷാജൻ സ്കറിയ കോടതിയെ സമീപിച്ചത്.
ഷാജൻ സ്കറിയ 2021ൽ ഏപ്രിലിൽ ‘ഞെട്ടിക്കുന്ന വയർലെസ് സന്ദേശങ്ങൾ’ എന്ന പേരിലുള്ള കേരള പൊലീസിന്റെ രഹസ്യസ്വഭാവമുള്ള ഔദ്യോഗിക വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്നായിരുന്നു പി.വി അൻവറിന്റെ പരാതി. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി ആക്ട് എന്നീ ഗുരുതുര വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യം ഷാജൻ സ്കറിയ ചെയ്തിട്ടുണ്ടെന്നായിരുന്നു അൻവറിന്റെ ആരോപണം.
എന്നാൽ, ഈ സംഭവത്തിൽ ഷാജൻ സ്കറിയയെ സഹായിക്കാൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ഇടപെട്ടുവെന്നും അൻവർ ആരോപിച്ചിരുന്നു. ഷാജൻ സ്കറിയയെ സഹായിക്കുന്നതിന് പകരമായി കോടികൾ എം.ആർ അജിത്കുമാർ കൈക്കൂലി വാങ്ങിയെന്ന് അൻവർ ആരോപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.