പി.വി. അൻവറിനെതിരെ ഷാജൻ സ്കറിയ കോടതിയിൽ
text_fieldsകാഞ്ഞിരപ്പള്ളി: പി.വി. അൻവർ എം.എൽ.എക്കെതിരെ താൻ പൊലീസിൽ നൽകിയ പരാതികളിൽ തുടർനടപടികളുണ്ടായില്ലെന്ന് ആരോപിച്ച് ‘മറുനാടൻ മലയാളി’ പോർട്ടൽ ഉടമ ഷാജൻ സ്കറിയ കോടതിയെ സമീപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കാഞ്ഞിരപ്പള്ളി കോടതിയിലാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തത്. അൻവറിന്റെ പേര് പരാമർശിച്ച് മറുനാടൻ മലയാളിയിലൂടെ വാർത്തകൾ സംപ്രേഷണം ചെയ്തതിന്റെ പേരിൽ തന്റെ ഭാര്യയെയും മക്കളെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, സംപ്രേഷണം ചെയ്ത വാർത്തകളുടെ വിഡിയോയിൽ മതസ്പർധയുണ്ടാക്കുന്ന തരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി.
താൻ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച് അൻവർ പുറത്തുവിട്ട ഓഡിയോ സന്ദേശം വ്യാജമായി നിർമിച്ചതാണെന്നും ഹരജിയിലുണ്ട്. പരാതി ഫയലിൽ സ്വീകരിച്ച കോടതി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് ഷാജൻ സ്കറിയ കോടതിയെ സമീപിച്ചത്.
ഡി.ജി.പിയുടെ റിപ്പോർട്ട് തയാറായി; മുഖ്യമന്ത്രിക്ക് നാളെ കൈമാറിയേക്കും
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാറും ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും പി.വി. അൻവർ എം.എൽ.എ നൽകിയ പരാതിയിലും ഡി.ജി.പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തയാറായി. റിപ്പോർട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് നേരിട്ട് നൽകുമെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വിവരം. എം.എൽ.എയുടെ പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് നൽകിയ ഒരുമാസ കാലാവധി വ്യാഴാഴ്ച അവസാനിക്കും. അതേസമയം, ബുധനാഴ്ച മന്ത്രിസഭ യോഗത്തിൽ സി.പി.ഐ ഉൾപ്പെടെ ഘടകകക്ഷികൾ ഈ വിഷയം ഉന്നയിച്ചേക്കും. ആരോപണവിധേയനായ അജിത് കുമാറിനെ മാറ്റിനിർത്തി അന്വേഷിക്കണമെന്നാണ് സി.പി.ഐയുടെയും പ്രതിപക്ഷത്തിന്റെയും ആവശ്യം. കഴിഞ്ഞ മന്ത്രിസഭ യോഗത്തിലാണ് എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച സംബന്ധിച്ച് അനേഷിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടി എന്നാണ് ചൊവ്വാഴ്ചയും മുഖ്യമന്ത്രി ആവർത്തിച്ചത്.
അന്വേഷണ സംഘത്തിൽനിന്നുള്ള വിവരങ്ങളുടെയും എ.ഡി.ജി.പിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ റിപ്പോർട്ട്. തൃശൂർപൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് അജിത് കുമാർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ സിൻഹയുടെ ശിപാർശയും മുഖ്യമന്ത്രിക്ക് മുന്നിലെത്തും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാകും അജിത്കുമാറിനെതിരായ നടപടി.
ഫോൺ ചോർത്തൽ, പൊതുജനങ്ങൾ നൽകുന്ന പരാതി അട്ടിമറിക്കൽ, സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിലെ ഇടപെടൽ തുടങ്ങി പത്തോളം പരാതികളാണ് അജിത് കുമാറിനെതിരെ പി.വി. അന്‍വര്‍ സമര്‍പ്പിച്ചത്. തനിക്കും കുടുംബത്തിനും സംരക്ഷണം നൽകണമെന്നും അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്. അജിത് കുമാറിന്റെ കാലത്ത് നടന്ന പൊലീസിലെ തെറ്റായ നടപടികൾ സംബന്ധിച്ച വിവരങ്ങളും അൻവർ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും രേഖാമൂലം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.