ഷാജഹാൻ വധം: കസ്റ്റഡി അപേക്ഷയിൽ മലക്കം മറിഞ്ഞ് പൊലീസ്, പ്രതികൾ ബി.ജെ.പി അനുഭാവികളെന്ന്
text_fieldsപാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആദ്യവാദത്തിൽനിന്ന് മലക്കം മറിഞ്ഞ് പൊലീസ്. വ്യക്തിവിരോധത്തെ തുടർന്നുള്ള കൊലപാതകമെന്ന് നേരത്തേ വിശദീകരിച്ച പൊലീസ്, പ്രതികളുടെ കസ്റ്റഡി അപേക്ഷയിൽ രാഷ്ട്രീയ പ്രേരിതമായ കൊലപാതകമെന്നാണ് വ്യക്തമാക്കുന്നത്. ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾ ബി.ജെ.പി അനുഭാവികളാണെന്നും രാഷ്ട്രീയ വിരോധം മൂലമാണ് സി.പി.എം പ്രവർത്തകനായ ഷാജഹാനെ വെട്ടിക്കൊന്നതെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.
ഷാജഹാൻ വധക്കേസിൽ ആദ്യം അറസ്റ്റിലായ നവീൻ, സുജീഷ്, അനീഷ്, ശബരീഷ് എന്നിവരെ കസ്റ്റഡിയിലെടുക്കുന്നതിനായി പൊലീസ് നൽകിയ അപേക്ഷയിലാണ് പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വിശദമാക്കുന്നത്. വ്യാഴാഴ്ച അറസ്റ്റിലായ നാലുപ്രതികളെയും കോടതി റിമാൻഡ് ചെയ്തു. അഞ്ചുമുതൽ എട്ടുവരെയുള്ള പ്രതികളായ വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരെയാണ് പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കേസിൽ പ്രതികളെ സഹായിച്ചവരെ പൊലീസ് ചോദ്യംചെയ്യുന്നുണ്ട്. കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. എട്ട് പേരെയാണ് കേസിൽ ഇതുവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ ആദ്യം അറസ്റ്റിലായ നാലുപേരെ ആറുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്കുണ്ടായ വിരോധവും അടുത്ത ദിവസങ്ങളിലുണ്ടായ പ്രകോപനവുമാണെന്നായിരുന്നു പാലക്കാട് എസ്.പി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എസ്.പിയുടെ വാദത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സി.പി.എം ജില്ല നേതൃത്വവും രംഗത്തെത്തി. എസ്.പി പറയുന്നത് എല്ലാം അദ്ദേഹത്തിന്‍റെ തോന്നലുകളാണെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെല്ലാം ബി.ജെ.പി അനുഭാവികളെന്ന് കാണിച്ച് പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ വെള്ളിയാഴ്ച കോടതിയിലെത്തുന്നത്.
തങ്ങൾ സി.പി.എമ്മുകാരെന്ന്ആവർത്തിച്ച് പ്രതികൾ
പാലക്കാട്: കൊലപാതകത്തിൽ പങ്കെടുത്തവരുടെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങൾ നടക്കുന്നതിനിടെ സി.പി.എമ്മുകാരെന്ന് ആവർത്തിച്ച് ഷാജഹാൻ വധക്കേസ് പ്രതികൾ. കോടതിയിൽ എത്തിച്ചപ്പോൾ താൻ സി.പി.എമ്മുകാരൻ തന്നെയാണെന്ന് പ്രതിയായ അനീഷ് നേരത്തേ പ്രതികരിച്ചിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴും ഇയാൾ ഇതാവർത്തിച്ചു. ഞങ്ങൾ എല്ലാവരും കമ്യൂണിസ്റ്റുകാരാണെന്ന് ഒന്നാം പ്രതി നവീനും പ്രതികരിച്ചു. കൈയിൽ പച്ചകുത്തിയ ചെഗുവേരയുടെ ചിത്രം ഉയർത്തി കാണിച്ചാണ് ഞങ്ങൾ കമ്യൂണിസ്റ്റാണെന്ന് നവീൻ ആവർത്തിച്ചത്. വ്യാഴാഴ്ച അറസ്റ്റിലായ ശിവരാജൻ തന്നെ പൊലീസ് മർദിച്ചതായി കോടതിയിൽ പരാതിപ്പെട്ടു. സഹോദരനെതിരെ പറയണമെന്നാവശ്യപ്പെട്ട് മർദിച്ചുവെന്നാണ് ശിവരാജൻ ആരോപിച്ചത്. ഇതേത്തുടർന്ന് ഇയാളുടെ വൈദ്യപരിശോധന റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.
ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്കുണ്ടായ വിരോധമാണെന്നായിരുന്നു പാലക്കാട് എസ്.പി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത വർധിച്ചുവെന്നും പൊലീസ് പറഞ്ഞിരുന്നു. രാഖി കെട്ടിയതുമായുള്ള തർക്കവും ഗണേശോത്സവത്തിൽ പ്രതികൾ ഫ്ലക്സ് ബോർഡ് വെക്കാൻ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും കൂടുതൽ പ്രകോപനമുണ്ടാക്കിയതോടെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നും ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകക്ക് വെവ്വേറെ കാരണം ഉണ്ടെന്നും അന്ന് പൊലീസ് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസ് വാദത്തെ തള്ളി കൊലപാതകത്തിന് ആർ.എസ്.എസിന്‍റെ സഹായം പ്രതികൾക്ക് കിട്ടിയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പാക്കിയതെന്നും ആവർത്തിച്ച് സി.പി.എം ജില്ല നേതൃത്വം രംഗത്തെത്തി. കൊലപാതകത്തിന് കാരണം വ്യക്തി വിരോധമാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും അതിന് പിന്നിൽ ആരുടെയോ പ്രത്യേക അജണ്ടയുണ്ടെന്നുമായിരുന്നു സി.പി.എം ആരോപണം. പ്രതികളിൽ ചിലർക്ക് നേരത്തേ സി.പി.എം ബന്ധമുണ്ടായിരുന്നുവെന്നും ജില്ല സെക്രട്ടറി വിശദീകരിക്കുന്നു. എന്നാൽ, താൻ സി.പി.എമ്മുകാരനെന്ന പ്രതിയുടെ പ്രതികരണം സി.പി.എം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
പിന്നിൽ ഗൂഢാലോചന -ഇ.എൻ. സുരേഷ് ബാബു
പാലക്കാട്: ഷാജഹാൻ വധക്കേസിൽ അറസ്‌റ്റിലായ പ്രതികളിലൊരാൾ വെള്ളിയാഴ്ചയും സി.പി.എം പ്രവർത്തകനാണെന്ന് പറഞ്ഞതോടെ ഗൂഢാലോചന പുറത്തായതായി സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്‌ബാബു. ഷാജഹാനെ കൊലപ്പെടുത്താൻ ആയുധം എത്തിച്ചതിന് നിലവിൽ കസ്‌റ്റഡിയിലുള്ള ആർ.എസ്.എസ് പ്രവർത്തകൻ സിദ്ധാർഥന്‍റെ സഹോദരാൻ ശിവരാജനാണ് താനും സി.പി.എം പ്രവർത്തകനാണെന്ന് ഒരു ചാനലിനോട് പറഞ്ഞത്. പൊലീസ് കോടതിയിൽ നൽകിയ കസ്‌റ്റഡി അപേക്ഷയിൽ പ്രതികളെല്ലാവരും ബി.ജെ.പി- ആർ.എസ്.എസ് അനുഭാവികളാണെന്ന് വ്യക്തമാക്കിയിട്ടും തുടർച്ചയായി പ്രതികൾ സി.പി.എമ്മുകാരാണെന്ന് സ്ഥാപിക്കാൻ ശ്രമം നടത്തുന്നതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും സുരേഷ് ബാബു ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.